ഗുരുവായൂർ ഉത്സവം കൊടിയേറി
1531799
Tuesday, March 11, 2025 1:30 AM IST
ഗുരുവായൂര്‍: ആചാരപ്പെരുമയില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. രാത്രി ഒന്‍പതോടെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റം നിർവഹിച്ചത്.
ഇന്നലെ സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം കൊടിയേറ്റച്ചടങ്ങുകള്‍ക്ക് തുടക്കമായി. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കൂറയും പവിത്രവും നല്കി ആചാര്യവരണം നടത്തി. തുടർന്ന് ഉത്സവ മുളയറയില്‍ നവധാന്യങ്ങള്‍ മുളയിട്ടു. പള്ളിവേട്ട ദിവസംവരെ മുളയറയില്‍ പ്രത്യേക പൂജകളുണ്ടാവും. മുളയിടലിനുശേഷം ശ്രീകോവിലിനകത്ത് പൂജിച്ച സപ്തവര്‍ണക്കൊടി മന്ത്രജപങ്ങളുടെയും ഭക്തരുടെ നാരായണനാമ ജപങ്ങളോടെയും തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വര്‍ണക്കൊടിമരത്തില്‍ ഉയർത്തി. അതിനുശേഷം അത്താഴപൂജയും കൊടിപ്പുറത്തുവിളക്കും നടന്നു.
ഇന്നുരാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കും. ദിവസവും രാവിലെയും വൈകീട്ടും മേളത്തോടെ കാഴ്ചശീവേലിയുണ്ടാവും. രാവിലെ 11ന് നാലമ്പലത്തിനകത്ത് തെക്കുഭാഗത്തും രാത്രി എട്ടിന് ക്ഷേത്ര വടക്കേനടയിലും ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും.