സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അധ്യാപകനിയമനങ്ങൾ അംഗീകരിക്കണം: കെഎസ്എസ്ടിഎഫ്
1532416
Thursday, March 13, 2025 1:54 AM IST
തൃശൂർ: ഭിന്നശേഷിസംവരണത്തിനായി തസ്തികകൾ മാറ്റിവച്ചാൽ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക - അനധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാവുന്നതാണെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ അധ്യാപക - അനധ്യാപക നിയമനങ്ങളും സ്ഥിരമായി അംഗീകരിച്ച് ശന്പളവും ആനുകൂല്യങ്ങളും നൽകണമെന്ന് കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭിന്നശേഷിസംവരണ തസ്തികകളിലേക്കുള്ള ഒഴിവുകളിലെ നിയമനം പൂർത്തിയാക്കിയശേഷം മാത്രമേ മറ്റു തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ പാടുള്ളൂ എന്ന 2018 നവംബറിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ഉത്തരവിനനുസൃതമായി അധാപകനിയമനങ്ങൾ പാസാക്കുന്നതിനാവശ്യമായ സർക്കാർ ഉത്തരവ് നടപ്പിലാക്കാതെ വലതുപക്ഷ ഉദ്യോഗസ്ഥർ അനാസ്ഥ വരുത്തുന്നതു തടയണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സീനിയർ സെക്രട്ടറി കെ.ജെ. മേജോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജൂഡി ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫെറിൻ ജേക്കബ്, ഡോ. സ്വപ്ന, ബിന്ദു ഇട്ടൂപ്പ്, പിങ്കി സുഗത് എന്നിവർ പ്രസംഗിച്ചു.