മനക്കണക്കില്‍ മറ്റുള്ളവരെ തോല്പിച്ച് രണ്ടാംക്ലാസുകാരൻ
1531807
Tuesday, March 11, 2025 1:30 AM IST
വടക്കാഞ്ചേരി: കാൽക്കുലേറ്ററിനെ തോല്‍പ്പിക്കുന്ന മനക്കണക്കുമായി തിരുത്തിപ്പറമ്പ് ഓക്സ്ലിയം സ്കൂളിലെ രണ്ടാംക്ലാസുകാരൻ. കണക്ക്, പൊതുവിജ്ഞാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അസാധ്യകഴിവ് പ്രകടിപ്പിക്കുന്ന കെ.വി. ആദിലാണ് സ്കൂളിലെ താരമായിരിക്കുന്നത്.
കൂട്ടൽ, കുറയ്ക്കൽ, ഹരിയ്ക്കൽ, ഗുണിക്കൽ എന്നിങ്ങനെ കണക്കിലെ പ്രക്രിയകളെല്ലാം ഏഴുവയസുകാരനായ ആദിലിന് വളരെ എളുപ്പമാണ്. മുതിർന്നവർപോലും ഉത്തരം കണ്ടെത്താൻ വിഷമിക്കുന്ന കണക്കുകൾ കാൽക്കുലേറ്ററിന്റെ വേഗത്തിൽ ആദിൽ പറഞ്ഞുതരും. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 34 ആര്യമ്പാടം കൊട്ടിലിങ്ങൽവീട്ടിൽ വിനോയ്, ഭവ്യ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിൽ. ആദിലിന്റെ കഴിവുകൾ ക്ലാസ്ടീച്ചർ സന്ധ്യാ ഗോപനാണ് തിരിച്ചറിഞ്ഞത്. സ്കൂളിലെ മറ്റ് അധ്യാപകരും രക്ഷിതാക്കളും വ്യത്യസ്തമായ കഴിവിനു പ്രോത്സാഹനവുമായി ഒപ്പംകൂടി. അടുത്തിടെനടന്ന ഡിസിഎൽ ഐക്യു ഒളിമ്പ്യാഡ് ക്വിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി നൽകിയ പുസ്തകം രണ്ടുദിവസംകൊണ്ട് മനഃപ്പാഠമാക്കി ആദിൽ അധ്യാപകരെ ഞെട്ടിച്ചു.
സ്കൂൾ മാനേജർ സിസ്റ്റർ മരിയ ഗോരേറ്റി, പ്രിൻസിപ്പൽ സിസ്റ്റർ ഝാൻസി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസംനടന്ന പ്രത്യേക അസംബ്ലിയിൽ ആദിലിനെ അനുമോദിച്ചു. തൃശൂർ ഗവ. എൻജിനീയറിംഗ് കോളജ് ഹോസ്റ്റൽ ജീവനക്കാരനാണ് പിതാവ് വിനോയ്. എംഎസ്സി കെമസ്ട്രി ബിരുദധാരിയാണ് അമ്മ ഭവ്യ.
ഇതേ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയായ കെ.വി. ഇഷാൻ, യുകെജി വിദ്യാർഥിയായ കെ.വി. ആഗ്നേയ് എന്നിവർ സഹോദരങ്ങളാണ്.