തൃശൂരിനെ തണുപ്പിച്ച് വേനൽമഴയെത്തി
1532409
Thursday, March 13, 2025 1:54 AM IST
തൃശൂർ: അതിശക്തമായ ചൂട് തുടരുന്നതിനിടെ ജില്ലയ്ക്ക് ആശ്വാസമായി വേനൽമഴ. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരത്തോടെയാണ് മഴ ലഭിച്ചത്. പലയിടത്തും ശക്തമായ മഴ ലഭിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ജില്ലയിൽ നേരിയ മഴയ്ക്കു സാധ്യത പ്രവചിച്ചിരുന്നെങ്കിലും ഉച്ചയോടെ ശക്തമായ മഴസാധ്യത മുൻനിർത്തി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിറകേയാണ് മഴ ആരംഭിച്ചത്.
അപ്രതീക്ഷതമായി പെയ്ത മഴമൂലം നഗരത്തിലുൾപ്പെടെ വിവിധ ഇടങ്ങളിലെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. പലയിടത്തും വെള്ളക്കെട്ടും നിർമാണം നടക്കുന്ന റോഡുകളിൽ ചെളിക്കുളവും രൂപപ്പെട്ടതു വാഹനയാത്രികരെയും വലച്ചു. മഴയ്ക്കുപുറമെ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായതു ജനങ്ങളെ പരിഭ്രാന്തരാക്കി. വെള്ളിക്കുളങ്ങരയിൽ ഇടമിന്നലിൽ തെങ്ങ് കത്തിനശിച്ചു. അങ്കമാലിയിൽ വയോധിക ഇടിമിന്നലേറ്റു മരിച്ചു.
പുതുക്കിയ കാലാവസ്ഥാപ്രവചനപ്രകാരം ജില്ലയിൽ ഇന്നും 16 നും നേരിയ മഴയ്ക്കു സാധ്യതയുണ്ട്. താപനില ഉയർന്നതോടെ ജില്ലയിലെ പലയിടങ്ങളിലും ജലനിരപ്പ് കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ മഴ ഏറെ ആശ്വാസം പകരുന്നതായിരുന്നു. കിണറുകളിൽ വെള്ളം ഇറങ്ങാനും ചൂടിനു ചെറിയ രീതിയിൽ ശമനമേകാനും ഇന്നലെ പെയ്ത മഴ കാരണമായിട്ടുണ്ട്.
ഉയർന്ന താപനിലയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ ഇന്നലെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.