മൺമറഞ്ഞ മാധ്യമപ്രവർത്തകരെ അനുസ്മരിക്കാൻ "പ്രണാമം' 15ന്
1532110
Wednesday, March 12, 2025 2:09 AM IST
തൃശൂർ: ചാലക്കുടി മേഖലയിലെ മൺമറഞ്ഞ മാധ്യമപ്രവർത്തകരെ അനുസ്മരിക്കാൻ ചാലക്കുടി പ്രസ് ഫോറം സംഘടിപ്പിക്കുന്ന "പ്രണാമം' 15നു വൈകീട്ട് നാലിനു ചാലക്കുടി എസ്എൻ ഹാളിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സമഗ്രസംഭാവനയ്ക്കുള്ള മധു സമ്പാളൂർ സ്മാരക സംസ്ഥാന മാധ്യമപുരസ്കാരം (11,111 രൂപ) കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷിനു സമ്മാനിക്കും. ജില്ലാ പുരസ്കാരങ്ങളായ സി.കെ. പള്ളി സ്മാരക പത്രമാധ്യമ പുരസ്കാരം വിനീഷ് വിശ്വം (മനോ രമ, തൃശൂർ), പൗലോസ് താക്കോൽക്കാരൻ സ്മാരക ദൃശ്യമാധ്യമ പുരസ്കാരം പ്രദീപ് ഉണ്ണി (തൃശൂർ എസിവി ന്യൂസ്), കൊല്ലാടിക്കൽ രാജൻ സ്മാരക വാർത്താവതാരക പുരസ്കാരം ധന്യ മണികണ്ഠൻ (എൻസിടിവി, ചേലക്കര), പുഞ്ചപ്പറമ്പിൽ കണ്ണൻസ്മാരക ജില്ലാ വാർത്താവതാരക പുരസ്കാരം ആന്റോ കല്ലേരി (എൻസിടിവി, പുതുക്കാട്), മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള കെയർ കേരള ഫൗണ്ടേഷൻ പുരസ്കാരം ശിവപ്രസാദ് പട്ടാമ്പി (പബ്ലിക് തൃശൂർ), മികച്ച വാർത്താചിത്രത്തിനുള്ള എ.പി. തോമസ് സ്മാരക ജില്ലാ പുരസ് കാരം ജയകുമാർ പാഞ്ഞാൾ (മനോരമ ചെറുതുരുത്തി ലേഖകൻ) എന്നിവർക്കു മന്ത്രി സമ്മാനിക്കും. അയ്യായിരം രൂപയും ഫലകവും അടങ്ങിയതാണു പുരസ് കാരങ്ങൾ.
ചാലക്കുടി നിയോജകമണ്ഡലത്തിലെ നൂറിൽപ്പരം പത്ര ഏജന്റുമാരെ ഉപഹാരം നൽകി ആദരിക്കും. നിർധനരായ മൂന്നുപേർക്കുള്ള ചികിത്സാസഹായവും പ്രസ് ഫോറം അംഗങ്ങൾക്കുള്ള എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും. ബെന്നി ബെഹനാൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ, റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
പത്രസമ്മേളനത്തിൽ പ്രസ് ഫോറം പ്രസിഡന്റ് ഭരിത പ്രതാപ്, സെക്രട്ടറി അക്ഷര ഉണ്ണികൃഷ്ണൻ, പ്രണാമം ചെയർമാൻ അഡ്വ. രമേഷ്കുമാർ കുഴിക്കാട്ടിൽ, ജനറൽ കൺവീനർ ഷാലി മുരിങ്ങൂർ, ചീഫ് കോ-ഓർഡിനേറ്റർ വിൽസൻ മേച്ചേരി എന്നിവർ പങ്കെടുത്തു.