പോപ്പ് പോൾ മേഴ്സിഹോം വിദ്യാർഥികൾക്കു കൂട്ടുകാരനായി ജില്ലാ കളക്ടർ
1532124
Wednesday, March 12, 2025 2:09 AM IST
തൃശൂർ: ജില്ലയിലെ വിവിധ മേഖലയിൽ ഉള്ളവർക്കു കളക്ടറുമായി സംവദിക്കുന്നതിനായി നടത്തുന്ന മുഖാമുഖം മീറ്റ് യുവർ കളക്ടർ പരിപാടിയുടെ 25-ാം അധ്യായത്തിൽ സ്പെഷൽ ഗസ്റ്റുകളായി പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിൽനിന്നുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികളും, അധ്യാപകരും.
സിവിൽ സർവീസ് തെരഞ്ഞെ ടുക്കാനുള്ള കാരണമെന്താണെന്നും കളക്ടർക്കു തങ്ങളെക്കുറിച്ചുള്ള സ്വപ്നമെന്താണെന്നും തുടങ്ങി, മഴക്കാലാവധി നൽകുന്നതെന്തിനാണെന്നും ഒഴിവുദിനകളിലെ വിനോദമെന്താണെന്നതടക്കമുള്ള കുട്ടികളുടെ നിഷ്കളങ്കമായ ചോദ്യങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഒന്നൊന്നായി മറുപടി നൽകി. കൂടാതെ തങ്ങളുടെ സ്കൂളിന്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കുട്ടികൾ കളക്ടറെ ക്ഷണിക്കുകയും ഇവർതന്നെ നിർമിച്ച കരകൗശല വസ് തുക്കൾ അടങ്ങിയ ഗിഫ്റ്റ് ഹാംപർ സമ്മാനിക്കുകയും ചെയ്തു.
ഇരുപതോളം വരുന്ന വിദ്യാർഥികളാണ് ഒരു മണിക്കൂർ സമയത്തോളം വിവിധ വിഷയങ്ങളെക്കുറിച്ച് കളക്ടറുമായി സംവദിച്ചത്. അമേരിക്കയിൽ നടന്ന സ്പെഷൽ ഒളിന്പിക്സിൽ വോളിബോൾ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെങ്കലമെഡൽ കരസ്ഥമാക്കിയ സംഘത്തിലൊരാളായ പി.പി. പ്രിൻസി, സ്പെഷൽ ഒളിന്പിക്സ് ഇന്ത്യയിൽ ബാസ്കറ്റ്ബോൾ ഇനത്തിൽ യഥാക്രമം സ്വർണം, വെള്ളി മെഡലുകൾ നേടിയ അലീന ജോണി, ജെ. ജോയ് എന്നിവരെ കളക്ടർ അഭിനന്ദിച്ചു. തുടർന്നുനടന്ന കുട്ടികളുടെ കലാപരിപാടികൾ കണ്ടും അവർക്കു മധുരം പങ്കുവച്ചും കുട്ടികളുടെ കളികൂട്ടുകാരനായി മാറിയ കളക്ടർ സ്കൂളിൽ ഒരു ദിവസം സന്ദർശിക്കാമെന്ന ഉറപ്പും നൽകിയാണ് കുട്ടികളോട് യാത്ര പറഞ്ഞത്.
സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ജോണ്സണ് അന്തിക്കാട്ട്, അസി. ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പിള്ളി, അധ്യാപകരായ സിസ്റ്റർ ജാൻസി, സിസ്റ്റർ ജെസി, നവ്യ, റോജ എന്നിവരും പങ്കെടുത്തു.