വെങ്കിടങ്ങിൽ തീരദേശത്തെ ജനവാസ മേഖലയിലേക്ക് ഉപ്പുവെള്ളം കയറുന്നു
1532422
Thursday, March 13, 2025 1:54 AM IST
വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്തിന്റെ തീരദേശത്തെ ജനവാസമേഖലയിലേക്ക് ഉപ്പുവെള്ളം കയറുന്നതുമൂലം നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. രണ്ടാഴ്ചയിലേറെയായി 13, 14 വാർഡുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതു പതിവാണ്. ഇതോടെ ഈ മേഖലയിലെ ജലസ്രോതസുകൾ മലിനമായി. വീടിനോടു ചേർന്ന് ചെയ്തിരുന്ന പച്ചക്കറികൃഷികൾ നശിച്ചു. മുപ്പട്ടിതറയ്ക്കു സമീപമുള്ള തോടിലൂടെയാണു വേലിയേറ്റസമയത്ത് പുഴയിൽനിന്നും താഴ്ന്ന ഭാഗത്തേക്ക് ഉപ്പുവെള്ളം കയറുന്നത്. തൊയക്കാവ് കാളിയേക്കൽ മേഖലയിലും ഉപ്പുവെള്ളം ജനവാസ ഇടങ്ങളിൽ വ്യാപിച്ചിട്ടുണ്ട്.
കുംഭമാസത്തിലെ ശക്തമായ വേലിയേറ്റത്തിൽ മുപ്പട്ടിതറ മുതൽ തണ്ടഴിപ്പാടം വരെയുള്ള ഭാഗങ്ങളിൽ ഉപ്പുവെള്ളം കെട്ടിനിൽക്കുകയാണ്. ഈ മലിനജലത്തിനു രൂക്ഷമായ ദുർഗന്ധമാണ്. വെള്ളത്തിൽ ചവിട്ടിയാൽ ചൊറിഞ്ഞു പൊട്ടുന്നതായും നാട്ടുകാർ പറഞ്ഞു. വീടിനു ചുറ്റും വെള്ളം കെട്ടിനിൽക്കുന്നതിനാൽ വീടിന് ബലക്ഷയം സംഭവിച്ചതായും വീടിന്റെ തറയും ചുമരിലും വിള്ളൽ സംഭവിച്ചതായും നാട്ടുകാർ പരാതിപ്പെട്ടു.
വല്ലപ്പോഴും പൊതുടാപ്പിലൂടെ എത്തുന്ന കുടിവെള്ളം മാത്രമാണ് ആശ്രയം. പലതവണ വാർഡ് മെന്പറോടും ഗ്രാമസഭകളിലും പരാതിപ്പെട്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടായില്ലെന്ന് കടവത്ത് പ്രസാദ് ഭാര്യ റുബിഷ പറയുന്നു. ഉപ്പുവെള്ളം കയറാതിരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുളിക്കെട്ട് കെട്ടുന്നുണ്ടെങ്കിലും അശാസ്ത്രീയമായ നിർമാണംമൂലം ആദ്യ വേലിയേറ്റത്തിൽതന്നെ ഇവ പൊട്ടി ജനവാസമേഖലയിലേക്ക് ഉപ്പുവെള്ളം കയറുകയാണ്. അധികൃതർ ഇനിയും നടപടികൾ സ്വീകരിച്ചില്ലങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് കാർത്തികേയൻ പറഞ്ഞു.