ഗുരുവായൂർ ഉത്സവം ഇന്ന് കൊടിയേറും
1531517
Monday, March 10, 2025 1:48 AM IST
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഗുരുപവനപുരി ഇനി ഉത്സവലഹരിയിലാകും. കൊടിയേറ്റ ദിനത്തിൽ നടക്കുന്ന ആനയില്ലാ ശീവേലി ഇന്ന് രാവിലെ നടക്കും. വൈകീട്ട് മൂന്നിനാണ് പ്രസിദ്ധമായ ആനയോട്ടം. 10 ആനകളെയാണ് അണിനിരത്തുന്നത്. മുന്നിൽ ഓടുന്നതിന് ചെന്താമരാക്ഷൻ, ദേവി,ബാലു എന്നീ ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആനയോട്ടം നടക്കുക. ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു മുന്നിൽ ദേവസ്വം ചെയർമാൻ ഡോ വി.കെ. വിജയൻ നറുക്കെടുത്തു.
വൈകീട്ട് 6.30ന് കൊടിയേറ്റ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്ക് കൂറയും പവിത്രവും നൽകി ആചാര്യവരണം നടത്തും. തുടർന്ന് മുളയറയിൽ ധാന്യങ്ങൾ വിതച്ച് മുളയിടും. സപ്തവർണകൊടിക്കൂറയിലേക്ക് ദേവചൈതന്യം സന്നിവേശിപ്പിച്ചതിനുശേഷം ക്ഷേത്രം തന്ത്രി കൊടിയേറ്റം നടത്തും.
ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും രാവിലെ ഭഗവത് പ്രസാദമായി കഞ്ഞിയും പുഴുക്കും നൽകും. ദിവസവും കാഴ്ചശീവേലിക്ക് പ്രഗത്ഭരുടെ മേളം അകമ്പടിയാകും. രാത്രിയിൽ ശ്രീഭൂതബലിക്ക് ഗുരുവായൂരപ്പനെ വടക്കേനടയിൽ എഴുന്നള്ളിച്ച് വയ്ക്കും. പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിയിരിക്കുന്ന ഗുരുവായൂരപ്പനുമുന്നിൽ തായമ്പക അവതരിപ്പിക്കാൻ തുടക്കക്കാർ മുതൽ പ്രഗത്ഭർവരെ എത്തും. ദിവസവും മൂന്ന് തായമ്പകയാണുണ്ടാവുക.
മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലും മൂന്ന് താൽക്കാലിക സ്റ്റേജുകളിലുമായി വൈവിധ്യമുള്ള കലാപരിപാടികൾ നാളെമുതൽ അരങ്ങേറും. ഇന്ന് കൊടിയേറ്റത്തിനു ശേഷം കലാമണ്ഡലത്തിന്റെ കഥകളിയാണ്. ഭക്തിയും ഭക്ഷ്യസമൃദ്ധിയും കലാ-മേളാസ്വാദനവുമായി ഇനിയുള്ള ദിനങ്ങളിൽ ഭക്തർ ഉത്സവലഹരിയിലാവും. 18നാണ് പള്ളിവേട്ട. 19ന് ആറാട്ടിനുശേഷം കൊടിയിറക്കത്തോടെ ഉത്സവത്തിന് സമാപനമാവും.
ആയിരം കലശാഭിഷേകവും
ബ്രഹ്മകലശാഭിഷേകവും നടന്നു
ഗുരുവായൂർ: ഭക്തിയുടെ നിറവിൽ കലശ ചടങ്ങുകൾക്ക് സമാപനംകുറിച്ച് ഗുരുവായൂരപ്പന് ആയിരം കലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടന്നു. രാവിലെ ശീവേലി, പന്തീരടി പൂജ എന്നിവയ്ക്കുശേഷം ചൈതന്യപൂരിതമാക്കിയ 975 വെള്ളി കുംഭങ്ങളും 26 സ്വർണ കുംഭങ്ങളും കീഴ്ശാന്തിമാർ ശ്രീലകത്തെത്തിച്ചു. സഹസ്രകലശ ചടങ്ങുകൾക്കുശേഷം വിശേഷ വാദ്യങ്ങൾ, മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ അകമ്പടിയിൽ മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി ബ്രഹ്മകലശവും, ഓതിക്കൻ കക്കാട് ചെറിയ വാസുദേവൻ നമ്പൂതിരി കുംബേശ കലശവും, ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരി നമ്പൂതിരി കർക്കരി കലശവും ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു. തുടർന്ന് തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ആദ്യം കുംഭേശ കലശവും പിന്നീട് ബ്രഹ്മകലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. ആയിരകണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽനിന്ന് നാരായണനാമം ഉയർന്നു. ബ്രഹ്മകലശാഭിഷേകത്തിനു ശേഷം തന്ത്രി ഉച്ചപൂജയും നിർവഹിച്ചു. ബ്രഹ്മകലശാഭിഷേകത്തോടെ എട്ടുദിവസം നീണ്ടുനിന്ന സഹസ്രകലശ ചടങ്ങുകൾക്ക് സമാപനമായി.
ദേവസ്വം ചെയർമാൻ ഡോ വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു.