രാഷ്ട്രീയപ്പാർട്ടികളുടെ അപചയത്തിനു കാരണം വായന നഷ്ടപ്പെട്ടത്: ഗോവ ഗവർണർ
1531798
Tuesday, March 11, 2025 1:30 AM IST
തൃശൂർ: രാഷ്ട്രീയനേതൃത്വങ്ങളിൽ വായനശേഷിയും ചിന്താശേഷിയുമുള്ള വ്യക്തികളാണുണ്ടായിരുന്നതെങ്കിൽ ഇന്നതു നഷ്ടപ്പെട്ടിരിക്കുകയാണെന്നും വായന തിരിച്ചുപിടിക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾ തയാറാകണമെന്നു ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. ബിജെപി ജില്ലാ ആസ്ഥാനമന്ദിരത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ലൈബ്രറി ആൻഡ് പഠനഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായന നഷ്ടപ്പെട്ടതാണു രാഷ്ട്രീയപ്പാർട്ടികളുടെ അപചയത്തിനു കാരണം. രാഷ്ട്രീയനേതാക്കൾ വായന തിരിച്ചുപിടിക്കുകയും നാളെയെക്കുറിച്ചു ചിന്തിക്കുകയുംചെയ്താലേ നല്ല സമൂഹത്തെ കെട്ടിപ്പടുക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് മൂത്തേടത്തിന്റെ ബാലസാഹിത്യനോവൽ "പൗർണമി മുതൽ പൗർണമി വരെ' ഗവർണർ പ്രകാശനം ചെയ്തു.
ആർഎസ്എസ് ഉത്തരകേരള കാര്യവാഹക് പി.എൻ. ഈശ്വരൻ പുസ്തകം ഏറ്റുവാങ്ങി. അഡ്വ. കെ.കെ. അനീഷ്കുമാർ, കെ.വി. ശ്രീധരൻമാസ്റ്റർ, പി.എൻ. ഈശ്വരൻ, എ. നാഗേഷ്, അഡ്വ. നിവേദിത, അഡ്വ. രവികുമാർ ഉപ്പത്ത്, അഡ്വ. കെ.ആർ. ഹരി, കെ.കെ. മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.