കൂടൽമാണിക്യത്തിലെ ജാതിവിവേചനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
1531800
Tuesday, March 11, 2025 1:30 AM IST
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്കസമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെതുടർന്ന് ജോലിയിൽനിന്നു മാറ്റിനിർത്തിയ സംഭവത്തിലാണ് കമ്മീഷൻ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്കു മാറ്റിനിർത്തപ്പെട്ട ജീവനക്കാരനെയും വിളിപ്പിച്ചു കാര്യങ്ങൾ ആരായും.
ഫെബ്രുവരി 24 നാണ് ആര്യനാട് സ്വദേശിയും ബിരുദധാരിയുമായ യുവാവ് കഴകം തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചത്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷാനടത്തിപ്പിലൂടെയാണ് ഇദ്ദേഹത്തിനു ജോലി ലഭിച്ചത്. പാരമ്പര്യ അവകാശികളെ മാറ്റി ഈഴവസമുദായത്തില്‍നിന്നുള്ള ഒരാളെ കഴകം, മാലകെട്ട് ജോലിയില്‍ പ്രവേശിപ്പിച്ചതിനെതിരേ തന്ത്രിമാരും വാരിയര്സമാജവും രംഗത്തുവന്നിരുന്നു. തീരുമാനത്തിനെതിരേ ആറു തന്ത്രിമാര്‍ ദേവസ്വത്തിനു കത്തു നല്‍കുകയും ചെയ്തു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ നിയമനമാണെന്ന നിലപാട് ദേവസ്വം സ്വീകരിച്ചെങ്കിലും തന്ത്രിമാര്‍ ശുദ്ധിചടങ്ങുകളില്നിന്നു വിട്ടുനിന്നതായാണു സൂചന.
തന്ത്രിമാരുടെ നിലപാട് അടുത്തദിവസം നടക്കുന്ന പ്രതിഷ്ഠാദിനാഘോഷങ്ങളെ ബാധിക്കാമെന്നായതോടെ ഒത്തുതീര്‍പ്പെന്നനിലയില്‍ യുവാവിനെ ഓഫീസ് ജോലിയിലേക്കു മാറ്റുകയായിരുന്നു.
കഴിഞ്ഞദിവസം വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതരും തന്ത്രിമാരും യോഗം ചേര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു നല്‍കിയിട്ടള്ള കേസിന്റെ വിധി വരുന്നതുവരെ കഴകം ജോലിയില്‍നിന്നു നിയമിതനായയാളെ മാറ്റുകയായിരുന്നു. എന്നാല്‍ ജോലിക്രമീകരണങ്ങളുടെ ഭാഗമായി വരുത്തിയ മാറ്റംമാത്രമാണെന്നാണു ദേവസ്വം ഔദ്യോഗികമായി വിശദീകരിക്കുന്നത്.
തന്ത്രിമാർക്കു വഴങ്ങില്ല:
കൂടൽമാണിക്യം ദേവസ്വം
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡെടുത്ത തീരുമാനത്തെ മാറ്റാൻ തന്ത്രിമാർക്കോ മറ്റാർക്കെങ്കിലുമോ അവകാശമില്ലെന്നു കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി. സർക്കാർ തീരുമാനിച്ച ഉദ്യോഗാർഥിയെ ആ പോസ്റ്റിലേക്കുതന്നെ നിയമിക്കും. തന്ത്രിമാർക്കു വഴങ്ങില്ല. അവർക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ കോടതിയെയോ സർക്കാരിനെയോ സമീപിച്ചു പരിഹാരമുണ്ടാക്കണം. തന്ത്രിമാർ പറയുന്നതു നടപ്പാക്കാൻ ദേവസ്വത്തിനു സാധിക്കില്ല. നിയമം നടപ്പാക്കാനേ സാധിക്കൂ.
ബുധനാഴ്ച മാനേജ്മെന്റ് കമ്മിറ്റിയിൽ കഴകക്കാരന്റെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും. ഉദ്യോഗാർഥിയെ താത്കാലികമായാണ് അഡ്മിനിസ്ട്രേറ്റർ ഓഫീസിലേക്കു മാറ്റിയിട്ടുള്ളതെന്നും അഡ്വ. സി.കെ. ഗോപി പറഞ്ഞു.
തന്ത്രിമാരുടേതു
തെറ്റായ നിലപാട്:
കെ.ബി. മോഹൻദാസ്
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിച്ച കഴകക്കാരനെ മാറ്റിയതിൽ തന്ത്രിമാരുടേതു തെറ്റായ നിലപാടെന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ്.
തന്ത്രിമാരുടെ നിലപാട് ആശ്ചര്യപ്പെടുത്തുകയാണുണ്ടായത്. കൂടൽമാണിക്യം ക്ഷേത്രത്തിൽ രണ്ടു കഴകം തസ്തികയാണുള്ളത്. അതിലൊന്നു പാരന്പര്യഅവകാശികൾക്കുള്ളതാണ്. അതിലെ ഒഴിവ് റിക്രൂട്ട്മെന്റ് ബോർഡിലേക്കു റിപ്പോർട്ട് ചെയ്യേണ്ടതില്ല. അതിലെ ജോലിക്കാരെ തന്ത്രിമാർതന്നെയാണ് തെരഞ്ഞെടുക്കുന്നത്. രണ്ടാമത്തെ തസ്തിക ഡയറക്ട് റിക്രൂട്ട്മെന്റാണ്. അതു പത്തുമാസത്തേക്കാണ്. അതിൽ ജാതിയുടെ നിബന്ധന ഇല്ല. കഴകപ്രവൃത്തിയെടുത്തു പരിചയമുള്ള ഹിന്ദുവെന്നേ പറയുന്നുള്ളൂ. ജാതി പരിഗണിക്കേണ്ടതില്ല. അതെല്ലാം കണക്കിലെടുത്താണു നിയമനത്തിനു ശിപാർശ നല്‍കിയതെന്നും കെ.ബി. മോഹൻദാസ് വ്യക്തമാക്കി.