ആശ്വാസകിരണം സഹായം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
1532111
Wednesday, March 12, 2025 2:09 AM IST
തൃശൂർ: സെറിബ്രൽ പാൾസി രോഗം ബാധിച്ച അമ്മയില്ലാത്ത രണ്ടു മക്കളുടെ 72 വയസ് പ്രായമുള്ള പിതാവിനു നൽകേണ്ട ആശ്വാസകിരണം ധനസഹായം രണ്ടുമാസത്തിനകം അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ. സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്കു കമ്മീഷൻ അംഗം വി. ഗീതയാണു നിർദേശം നൽകിയത്. എട്ടുവർഷംമുന്പ് പരാതിക്കാരൻ സമർപ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കൽ വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
കുന്നംകുളം ചൊവ്വന്നൂർ സ്വദേശി സി.സി. ചിന്നക്കുട്ടിയുടെ പരാതിയിലാണു നടപടി. 39, 42 വയസുള്ള പരാതിക്കാരന്റെ രണ്ടു മക്കളും എഴുപതുശതമാനം അവശത അനുഭവിക്കുന്ന കിടപ്പുരോഗികളാണ്. ചലിക്കാനോ സംസാരിക്കാനോ കഴിയാത്ത ഇവരെ ചിന്നക്കുട്ടിയാണു സംരക്ഷിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ കോവിഡ് ബാധിച്ചു മരിച്ചു. മക്കളെ സംരക്ഷിക്കാൻ ശിശുവികസന ഓഫീസിൽ അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ലെന്നാണു പരാതി.
സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ അപേക്ഷ ലഭിച്ചതു 2019ൽ ജൂണ്‍ 27ന് ആണെന്നും പണമില്ലാത്തതിനാൽ 2018 മാർച്ച് 31 വരെയുള്ള അപേക്ഷകൾക്കാണു സഹായം നൽകുന്നതെന്നും പറയുന്നു. എന്നാൽ, റിപ്പോർട്ട് തെറ്റാണെന്നു തെളിഞ്ഞതോടെയാണു ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കു ശിപാർശ നൽകിയത്.