പെരിഞ്ഞനത്ത് വീണ്ടും ആനയിടഞ്ഞെന്ന് അഭ്യൂഹം
1532119
Wednesday, March 12, 2025 2:09 AM IST
കയ്പമംഗലം: പെരിഞ്ഞനത്ത് വീണ്ടും ആനയിടഞ്ഞതായി അഭ്യൂഹം. പെരിഞ്ഞനം പള്ളിയിൽ ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഹരിജൻ താലാഘോഷകമ്മിറ്റിയുടെ താലംവരവിനിടെയാണ് ആനയിടഞ്ഞതായി അഭ്യൂഹം പരന്നത്. ഇതോടെ ജനം പരിഭ്രാന്തരായി ചിതറിയോടി. ഇതേതുടർന്ന് നിരവധിപേർ വീണുപരിക്കേറ്റു.
എന്നാൽ ആന ഇടഞ്ഞോടിയില്ലെന്നാണ് വിവരം. പള്ളിയിൽ ഭഗവതിക്ഷേത്രത്തിന്റെ കിഴക്കേനടയിലൂടെ താലം ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി വരുന്നതിനിടെ കെഎസ്ഇബി ഓഫീസിന് മുന്നിലെത്തിയപ്പോൾ ആന പെട്ടന്ന് തിരിയുകയായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. ആനപ്പാപ്പാന്മാരുടെ സമയോചിത ഇടപെടലിൽ ആനയെ ഉടൻതന്നെ നിയന്ത്രണത്തിലാക്കി അവിടെനിന്ന് മാറ്റുകയും വാഹനത്തിൽ കയറ്റികൊണ്ടുപോവുകയായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
ചിതറിയോടി പരിക്കേറ്റവര്‍ ആശുപത്രിയിൽ പ്രാഥമികചികിത്സ തേടിയതായാണ് വിവരം. ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ഇക്കഴിഞ്ഞ ദിവസമാണ് പെരിഞ്ഞനം തോണിക്കുളം പടിഞ്ഞാറ് വലിയപറമ്പിൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞത്.