മയിലാടിക്കുന്നിൽ പ്രതിഷേധം അവഗണിച്ച് വീണ്ടും മണ്ണെടുപ്പ്; തടഞ്ഞ് നാട്ടുകാര്‍
1532420
Thursday, March 13, 2025 1:54 AM IST
എരുമപ്പെട്ടി: വേലൂർ തയ്യൂരിലെ മയിലാടിക്കുന്നിൽ ജനങ്ങളുടെ പ്രതിഷേധം അവഗണിച്ചു വീണ്ടും മണ്ണെടുപ്പ്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മണ്ണെടുപ്പ് തടഞ്ഞു.
വേലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് മയിലാടിക്കുന്ന് സ്ഥിതിചെയ്യുന്നത്. ഇതിനോടുചേർന്ന കുന്നത്തുപുരയ്ക്കൽ നഗറിൽ 40 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞ പ്രളയകാലത്ത് വലിയതോതിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഉരുൾപ്പൊട്ടൽ ഭീഷണിയെത്തുടർന്ന് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് മണ്ണൊലിപ്പ് തടയുന്നതിനായി 45 ലക്ഷം രൂപ ചെലഴിച്ച് ഇവിടെ സംരക്ഷണഭിത്തി നിർമിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ പരിഗണിക്കാതെ മണ്ണെടുപ്പ് നടത്താൻ പഞ്ചായത്ത് അനുമതി നൽകുകയായിരുന്നു. വീട് നിർമാണത്തിനു വേണ്ടിയാണു മണ്ണെടുപ്പെന്നും പഞ്ചായത്ത് എൻജിനീയർ സ്ഥലം സന്ദർശിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മണ്ണെടുപ്പിന് അനുമതി നൽകിയതെന്നും സെക്രട്ടറി പറയുന്നു. എന്നാൽ 940 സ്ക്വയർ ഫീറ്റ് വീട് നിർമിക്കാൻ ആവശ്യമായ മണ്ണെടുപ്പിനാണ് അനുമതി നൽകിയിട്ടുള്ളത്.
നിലവിൽ ഇത് പൂർത്തിയാക്കിയതിനാൽ അനുമതിയുടെ കാലാവധി കഴിഞ്ഞെന്നും വീണ്ടും മണ്ണെടുക്കേണ്ട സാഹചര്യമില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. സ്ഥലം ഉടമയ്ക്കു പകരം മണ്ണെടുക്കുന്നവരുടെ പക്കലാണ് അനുമതി നൽകിയതിന്റെ രേഖയുള്ളത്. ഇത്തരം കാര്യങ്ങൾ ദുരൂഹതയ്ക്ക് ഇടയാക്കുന്നുണ്ടെന്നും വീട് നിർമാണത്തിന്റെ പേരിൽ മണ്ണ് കടത്തുവാനാണു ശ്രമമെന്നും നാട്ടുകാരും യൂത്ത് കോണ്‍ഗ്രസും ആരോപിക്കുന്നു. എരുമപ്പെട്ടി പോലിസ് സ്ഥലത്തെത്തി ഇരു കൂട്ടരോടും ചർച്ചയ്ക്കായി സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കാനും നിർദേശം നൽകി.