ലൈറ്റുകൾ പ്രകാശിപ്പിച്ച് മത്സ്യബന്ധനം: വള്ളങ്ങൾ പിടികൂടി, 3,09,700 പിഴ ചുമത്തി
1532108
Wednesday, March 12, 2025 2:09 AM IST
ചേറ്റുവ: തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് അനധികൃതമത്സ്യബന്ധനം നടത്തിയ രണ്ടു വള്ളങ്ങൾ പിടികൂടി പിഴചുമത്തി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് - കോസ്റ്റൽ പോലീസ് സംയുക്തസംഘം.
വാടാനപ്പിള്ളി തൃത്തല്ലൂർ കരീപ്പാടത്ത് ഉടമസ്ഥതയിലുള്ള സൂര്യദേവൻ വള്ളവും ഏങ്ങണ്ടിയൂർ പുതുവീട്ടിൽ നസീറിന്റെ കാരിയർ യാനവുമാണു പിടികൂടിയത്.
യാനത്തിനു മൂന്നുലക്ഷം രൂപയും അനധികൃതമത്സ്യബന്ധനത്തിനു 9,700 രൂപയും പിഴ ഈടാക്കി. യാനങ്ങളിൽ ഉപയോഗിച്ചിരുന്ന ഹൈവോൾട്ടേജ് എൽഇഡി ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ പിടിച്ചെടുത്തു. മുതലപ്പൊഴി ഭാഗത്തുനിന്നുള്ളവരാണു സൂര്യദേവൻ വള്ളത്തിലെ തൊഴിലാളികൾ.
വള്ളങ്ങൾ അടുപ്പിച്ചിട്ടശേഷം തീവ്രതയേറിയ ലൈറ്റുകൾ വെള്ളത്തിലേക്കു പ്രകാശിപ്പിച്ച് മത്സ്യങ്ങളെ ആകർഷിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്നു.
ചാവക്കാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ, മെക്കാനിക് ജയചന്ദ്രൻ, മുനയ്ക്കക്കടവ് കോസ്റ്റൽ പോലീസ് എസ്ഐമാരായ സുമേഷ് ലാൽ, ലോഫിരാജ്, സിപിഒമാരായ നിധിൻ, അനുപ് , ബൈജു, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഉദ്യേഗസ്ഥരായ ഷിനിൽകുമാർ, പ്രശാന്ത് കുമാർ, വി.എം. ഷൈബു എന്നിവര്‍ ചേർന്നാണു പരിശോധന നടത്തിയത്.