ഉത്സവം: ഗുരുവായൂരിൽ മേളാസ്വാദകരുടെ തിരക്ക്
1532411
Thursday, March 13, 2025 1:54 AM IST
ഗുരുവായൂർ: ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ രാവിലെയും വൈകീട്ടും കാഴ്ചശീവേലിക്കുള്ള മേളവും രാത്രിയിലെ തായന്പകയും ആസ്വദിക്കാൻ മേളാസ്വാദകരുടെ വൻതിരക്ക്. നൂറോളം വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേളം രാവിലെയും വൈകീട്ടും മൂന്നുമണിക്കൂറോളം നീളും. പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം സതീശൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, കോട്ടപ്പടി സന്തോഷ് മാരാർ തുടങ്ങിയവരാണ് വിവിധ ദിവസങ്ങളിലെ പ്രമാണം. പഞ്ചാരി, ചെന്പ, ചെന്പട, നവം, അഞ്ചടന്ത, അടന്ത, ധ്രുവം എന്നീ മേളങ്ങളാണിവിടെ കൊട്ടുന്നത്. രാവിലെ ദിവസവും പഞ്ചാരിമേളമാണ്.
മേളത്തിനുപുറമെ തായന്പകയും പഞ്ചമദ്ദളകേളിയുമുണ്ട്. പള്ളിവേട്ട ആറാട്ടുദിവസങ്ങളിൽ പുറത്തേക്കെഴുന്നള്ളിപ്പിനു മേളവും പഞ്ചവാദ്യവുമാണ്. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ നൂറിലേറെ കലാകാരന്മാർ ഈ ദിവസങ്ങളിൽ മേളത്തിന് അണിനിരക്കും. ആറാട്ടു ദിവസത്തെ പഞ്ചവാദ്യം നയിക്കുന്നത് ചോറ്റാനിക്കര വിജയൻ, പരയ്ക്കാട് തങ്കപ്പൻ മാരാർ, കോങ്ങാട് മധു, ചെർപ്പുളശേരി ശിവൻ, പാഞ്ഞാൾ വേലുക്കുട്ടി തുടങ്ങിയവരാണ്.
ആസ്വാദകരുടെ വലിയ കൂട്ടമാണ് ഈ ദിവസങ്ങളിൽ ഉണ്ടാവുക. രാത്രിയിൽ ഒൻപതോടെ ആരംഭിക്കുന്ന തായന്പക അർധരാത്രിക്കു ശേഷമാണ് അവസാനിക്കുക. കല്ലൂർ രാമൻകുട്ടി മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കല്ലേക്കുളങ്ങര അച്ചുതൻകുട്ടി, പോരൂർ ഉണ്ണികൃഷ്ണൻ, ചെറുതാഴം ചന്ദ്രൻ തുടങ്ങിയ പ്രഗത്ഭരാണ് വരുംദിവസങ്ങളിൽ തായന്പകയിൽ മേളവിസ്മയം തീർക്കാനെത്തുന്നത്.