ചാലക്കുടി സർക്കിൾ സഹകരണ യൂണിയൻ രൂപീകരിക്കണം
1532115
Wednesday, March 12, 2025 2:09 AM IST
ചാലക്കുടി: ചാലക്കുടി സർക്കിൾ സഹകരണ യൂണിയൻ രൂപീകരിക്കണമെന്ന് സഹകരണ ജനാധിപത്യവേദി ആവശ്യപ്പെട്ടു. ചാലക്കുടി താലൂക്ക് രൂപീകരിച്ചു വർഷങ്ങളായെങ്കിലും നാളിതുവരെ സർക്കിൾ സഹകരണ യൂണിയൻ രൂപീകൃതമായിട്ടില്ല.
ചാലക്കുടി താലൂക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്. കാലാവധി പൂർത്തിയാകുംമുമ്പ് കോറം നഷ്ടപ്പെട്ട മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ പിരിച്ചുവിട്ട് താൽകാലിക കമ്മിറ്റിക്ക് ചുമതല ഏൽപ്പിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ആസന്നമായ മുകുന്ദപുരം കമ്മിറ്റിയുടെ വിഭജനംനടത്തി ചാലക്കുടി സഹകരണ സർക്കിൾ യൂണിയൻ രൂപീകരിക്കണമെന്ന് സഹകരണ ജനാധിപത്യവേദിയുടെ ചാലക്കുടി താലൂക്ക് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാൻ സഹകരണചട്ടങ്ങളിലെ 43 ബി ഭേദഗതി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റേയും കേരള ബാങ്കിന്റേയും പ്രാഥമിക സംഘങ്ങളോടുള്ള നിഷേധാത്മകമായ നടപടികൾക്കെതിരെ 17ന് രാവിലെ 10ന് കേരള ബാങ്കിന്റെ ചാലക്കുടി ബ്രാഞ്ചിനു മുമ്പിൽ ധർണ തീരുമാനിച്ചു.
സംഘങ്ങളുടെയും കേരള ബാങ്കിന്റേയും പുതുക്കിയ പലിശനിരക്ക് അശാസ്ത്രീയമാണെന്നും കേരള ബാങ്കിനെ സഹായിക്കാൻവേണ്ടി മാത്രമാണ് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതന്ന് യോഗം കുറ്റപ്പെടുത്തി. മൊബൈൽ ആപ്പ് വഴിയുള്ള പുതിയ ടീം ഇൻസ്പെക്ഷന് എതിരെ യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംഘത്തിലെ ചീഫ് എക്സിക്യൂട്ടീവിനെതിരെ നടപടിക്ക് നിർദേശിക്കുന്നതാണ് ആപ്പിലെ ചോദ്യങ്ങളും അതിലെ റിപ്പോർട്ടുകളും. സഹകരണമേഖലയെ തകർക്കുന്നതിനേ ഇത്തരം നടപടികൾ ഉപകരിക്കൂവെന്ന് യോഗം വിലയിരുത്തി.
ഒ.എസ്. ചന്ദ്രൻ, വി.എൽ. ജോൺസൺ, എൻ.കെ. ജോസഫ്, ഇ.ഡി. സാബു, നിർമൽ സി. പാത്താടൻ, ജോസ് പടിഞ്ഞാക്കര, ജോഷി ജോർജ്, ഷാജു വെളിയത്ത്, ലീലാ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.