റോഡ് തകർന്നു; വാഴനട്ട് പ്രതിഷേധം
1531518
Monday, March 10, 2025 1:48 AM IST
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ, തകർന്ന നാട്ടിക കോട്ടൺമിൽ റോഡ്, പീതാംബരൻ റോഡ് തുടങ്ങിയ റോഡുകൾ ഉടനെ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് പ്രവർത്തകർ തകർന്ന റോഡിൽ വാഴനട്ടു.
നാട്ടിക പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലേയും റോഡുകളും തകർന്നു കുണ്ടും കുഴിയും നിറഞ്ഞു കിടക്കുകയാണ്. ഈ റോഡുകളിലൂടെ യാത്രചെയ്യുന്നവർക്ക് അപകടങ്ങൾ സംഭവിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുകയുംചെയ്തു. പൊടിനിറഞ്ഞ റോഡിലൂടെ ആളുകൾക്ക് യാത്രചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സമരം ഉദ്ഘാടനംചെയ്ത നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.എൻ. സിദ്ധപ്രസാദ് പറഞ്ഞു.
കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷതവഹിച്ചു. വാർഡ് പ്രസിഡന്റ് ശ്രീദേവി സദാനന്ദൻ, യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് റാനിഷ് കെ.രാമൻ, നേതാക്കളായ ടി.വി. ഷൈൻ, പി.സി. ജയപാലൻ, പി.കെ. നന്ദനൻ എന്നിവർ സംസാരിച്ചു.