തിരിച്ചറിയൽ കാർഡ് ഉടൻ നൽകണം: സ്ട്രീറ്റ് വെൻഡേഴ്സ് കോണ്ഗ്രസ്
1532417
Thursday, March 13, 2025 1:54 AM IST
തൃശൂർ: വഴിയോരക്കച്ചവടക്കാരുടെ തിരിച്ചറിയൽ കാർഡ് ഉടൻ വിതരണം ചെയ്യണമെന്നു സ്ട്രീറ്റ് വെൻഡേഴ്സ് കോണ്ഗ്രസ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലടക്കം കച്ചവടക്കാർക്കു വർഷങ്ങൾക്കുമുന്പ് തിരിച്ചറിയൽ കാർഡ് നൽകി. തൃശൂർ കോർപറേഷനിൽ എൻയുഎംഎം വകുപ്പിൽ തിരിച്ചറിയൽ കാർഡുകൾ തയാറാക്കി മൂന്നുവർഷമായിട്ടും വിതരണം ചെയ്തില്ലെന്നു പ്രസിഡന്റ് വി.എ. ഷംസുദീൻ ആരോപിച്ചു.
ചില സംഘടനകൾ തിരിച്ചറിയൽ കാർഡുകളുടെ വിതരണാവകാശം ഏറ്റെടുത്ത് വൻപണപ്പിരിവു നടത്തുന്നു. രണ്ടുമാസത്തിനിടെ നാലുവട്ടം കാർഡ് വിതരണത്തിനു തീയതി പ്രഖ്യാപിച്ചെങ്കിലും ഇതേക്കുറിച്ച് അറിവില്ലെന്നാണു മേയറുടെ നിലപാട്. തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ കച്ചവടക്കാർക്ക് 50,000 രൂപവരെ ബാങ്കിൽനിന്നു വായ്പ ലഭിക്കാറുണ്ട്. കാർഡ് ഇല്ലാത്തതിനാൽ സൂക്ഷ്മപരിശോധനയ്ക്കു കൂടുതൽ സമയമെടുക്കുന്നതു വായ്പ വൈകാൻ ഇടയാക്കുന്നു. നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും കോർപറേഷൻ നടപടി നീട്ടുകയാണ്.
എംഒ റോഡ്, സ്വരാജ് റൗണ്ട് എന്നിവിടങ്ങളിൽ വഴിയോരക്കച്ചവടം നിരോധിച്ചാൽ ജയ്ഹിന്ദ് മാർക്കറ്റിൽ പുനരധിവാസം നൽകണം. സ്വരാജ് റൗണ്ടിൽ ലോട്ടറിക്കച്ചവടം നടത്തുന്നവർക്ക് ഇളവു നൽകണമെന്നും കോവിഡ് സമയത്ത് പട്ടികയിൽ ഉൾപ്പെടാതെ പോയവരെ കൂട്ടിച്ചേർക്കണമെന്നും ഗോൾഡൻ ഫ്ളീ മാർക്കറ്റിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേക്കു കടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
കെ.കെ. മോഹനൻ, എം.എസ്. ഷാനവാസ്, കെ.എച്ച്. അബൂബക്കർ, എം.എ. ജയശ്രീ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.