എംഎൽഎയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ ജനകീയ കാമ്പയിൻ
1531531
Monday, March 10, 2025 1:48 AM IST
കയ്പമംഗലം: ലഹരിക്കെതിരേ നമ്മൾക്ക് കൈകോർക്കാം; കയ്പമംഗലത്ത് ജനകീയ കൂട്ടായ്മകൾക്കു തുടക്കമായി.
ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ലഹരി മയക്കുമരുന്ന് വ്യാപനത്തിനെതിരെ ജനകീയ കാമ്പയിൻ രംഗത്തിറങ്ങുന്നു. മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികൾ, സർക്കാർ സംവിധാനങ്ങൾ, രാഷ്ട്രീയ സാമൂഹിക കലാകായിക സംഘടനകൾ, വിമുക്തി, യോദ്ധാവ്, സ്നേഹത്തോൺ പദ്ധതികളുടെ സംഘാടകർ എന്നിവരെയെല്ലാം ഒരു കുടക്കീഴിൽ സംയോജിപ്പിച്ചാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ചത്.
മയക്കുമരുന്നിന്റെ വിതരണം, ഉറവിടം എന്നിവ കണ്ടെത്താനും ഇതിൽ ഉൾപ്പെടുന്നവരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും കുട്ടികളടക്കം ഇതിന്റെ ഇരകൾ ആയവരെ മയക്കുമരുന്നിൽനിന്നും മോചിപ്പിക്കാനും പ്രത്യേകം പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കും. കൂടാതെ മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും ഈമാസം തന്നെ പഞ്ചായത്ത് തലത്തിൽ വിപുലമായ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കും. തുടർന്ന് ഏപ്രിൽ മാസത്തിൽ വാർഡ് തല സംഗമങ്ങളും അയൽപക്ക സ്നേഹസദസുകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർഡ് തലത്തിൽ നടത്താൻ സാധിക്കുന്ന 21 ഇന പ്രവർത്തന പരിപാടിക്കും യോഗം രൂപം നൽകി. എംഇഎസ് അസ്മാബി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി കളക്ടർ അഖിൽ. വി. മേനോൻ മുഖ്യാതിഥിയായി. പ്രവർത്തനപരിപാടി അവതരണം അക്ഷര കൈരളി കോ-ഓർഡിനേറ്റർ ടി.എസ്. സജീവൻമാസ്റ്റർ നിർവഹിച്ചു.