ചിറങ്ങരയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്; പരീക്ഷയെഴുതുന്ന വിദ്യാർഥികളടക്കം വലഞ്ഞു
1531810
Tuesday, March 11, 2025 1:30 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഹൈവേ അഥോറിറ്റിയും കരാർ കമ്പനിയും ചിറങ്ങരയിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾക്കുവേണ്ടി വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് തോന്നുംപടി. അധികൃതരുടെ അനാസ്ഥയിൽ ഇന്നലെ രാവിലെ മുതൽ ചാലക്കുടി - അങ്കമാലി പാതയിൽ രൂപപെട്ടതു മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക്.
ഇതുമൂലം വിവിധ സ്കൂളുകളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കു പോയ കുട്ടികൾ വലഞ്ഞു. സമയത്തിനു സ്കൂളിൽ എത്താൻ ആകുമോയെന്ന ചിന്ത കുട്ടികളെ ആശങ്കയിലാക്കി. സംഭവമറിഞ്ഞ് പല രക്ഷിതാക്കളും എത്തി. വിവിധ കോണുകളിൽ നിന്നും പരാതികളുയരുകയും ഗതാഗത സ്തംഭനം രൂക്ഷമാവുകയും ചെയ്തതോടെ ചാലക്കുടി ഡിവൈ എസ്പി കെ. സുമേഷ്, കൊരട്ടി സിഐ അമൃത് രംഗൻ എന്നിവരു ടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി.
ദേശീയപാതയുടെ വിഐപികൾ കടന്നു പോകുന്നുണ്ടെന്ന് വന്നതോടെ അവരുടെ യാത്ര സുഗമമാക്കാനും പോലീസ് പൊ ള്ളുന്ന വെയിലിൽ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. രാവിലെ ചാലക്കുടി - അങ്കമാലി ദിശയിലായിരുന്നു ഗതാഗതക്കുരുക്കുണ്ടായതെങ്കിലും വൈകീട്ടോടെ അങ്കമാലി - ചാലക്കുടി ദിശയിലായാണ് പ്രതിസന്ധി ഉണ്ടായത്. ഉച്ചയ്ക്കുമാത്രമാണ് ചെറിയൊരു ശമനമുണ്ടായത്.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കൊരട്ടി മേഖലയിൽ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര ഭാഗങ്ങളിലാണ് നിർമാണം പുരോഗമിക്കുന്നത്. കൊരട്ടിയിലും മുരിങ്ങൂരിലും സർവീസ് റോഡുകളും കാനകളുമാണ് നിലവിൽ നിർമിക്കുന്നത്. എന്നാൽ ചിറങ്ങരയിൽ സർവീസ് റോഡ്, കാന, മീഡിയന്റെ ഒരു ഭാഗത്ത് അടിപ്പാത നിർമാണവും നടക്കുന്നുണ്ട്.
പോലീസിനെ നോക്കുകുത്തിയാക്കി ഗതാഗതം തോന്നുംപടി തിരിച്ചുവിടുന്ന പ്രവണത പുനഃപരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.