ചകിരിസംസ്കരണശാലയിൽ തീപിടിത്തം; 10 ലക്ഷത്തിന്റെ നഷ്ടം
1532418
Thursday, March 13, 2025 1:54 AM IST
പുന്നയൂർക്കുളം: മന്ദലാംകുന്ന് കിണർ സ്റ്റോപ്പ് ബീച്ചിലെ ചകിരി സംസ്കരണശാലയിൽ തീപിടിത്തം. ശാല പൂർണമായി കത്തിനശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തേച്ചൻപുരയ്ക്കൽ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ടി.എ.കെ. സണ്‍സ് അഗ്രോ ഇൻഡസ്ട്രീസിലാണ് ഇന്നലെ ഉച്ചയ്ക്കു തീപിടിത്തം ഉണ്ടായത്. ഫാക്ടറി ജീവനക്കാരനായ ബംഗാൾ സ്വദേശി ആലം ഗീറിന് (42) തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു. പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽപ്രാഥമികചികിത്സ നൽകി.
ജീവനക്കാർ ഫാക്ടറിക്കു സമീപം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. സമീപത്തുള്ള ട്രാൻസ്ഫോർമറിന് അടുത്തുനിന്നാണ് ആദ്യം പുക ഉയരുന്നതുകണ്ടത്. നിമിഷനേരം കൊണ്ട് തീ പടർന്നുപിടിക്കുകയായിരുന്നു. നാട്ടുകാരും ഗുരുവായൂർ, പൊന്നാനി എന്നിവിടങ്ങളിൽനിന്നെത്തിയ നാല് യൂണിറ്റ് അഗ്നിശമനസേനയും ചേർന്ന് രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. വടക്കേക്കാട് അഡീഷണൽ എസ്ഐ യൂസഫും സംഘവും സ്ഥലത്ത് എത്തിയിരുന്നു.
ചകിരികൾ ഉണക്കി സംസ്കരിച്ച് നാരുകളാക്കി ക്ലീൻ ചെയ്ത ഫൈബറുകൾ കയറ്റി അയയ്ക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. 60 ടണ്‍ ക്ലീൻ ചെയ്ത ഫൈബർ കത്തി. 10 ലക്ഷം രൂപയോളം നഷ്ടം വന്നതായി ഉടമ നൗഷാദ് പറഞ്ഞു.