ചൂടുകൂടി; പാലുത്പാദനം പാതിയായി
1531514
Monday, March 10, 2025 1:48 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ചൂടുകൂടിയതോടെ ജില്ലയിൽ പാലുത്പാദനത്തിൽ വൻ കുറവ്. മുൻവർഷങ്ങളിൽ മാർച്ച് പകുതിയോടെയാണു പാലുത്പാദനത്തിൽ കുറവുണ്ടായതെങ്കിൽ ഇക്കുറി ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂടുകൂടുകയും പാലുത്പാദനം പാതിയാവുകയും ചെയ്തു. ക്ഷീരസംഘങ്ങൾവഴി ശേഖരിക്കുന്ന പാലിന്റെ അളവും കുറഞ്ഞു. ഏപ്രിൽ, മേയ് മാസങ്ങളിൽ ചൂടിന്റെ കാഠിന്യം വർധിക്കുന്പോൾ കർഷകർക്ക് ലഭിക്കുന്ന പാലിന്റെ അളവ് ഇനിയും കുറഞ്ഞേക്കും.
ജില്ലയിൽ കർഷകരിൽനിന്ന് പാലു വാങ്ങുന്ന മിൽമയിലേക്കും പാലിന്റെ വരവ് കുറഞ്ഞു. ദിവസവും 35,000 ലിറ്റർ പാലാണ് ക്ഷീരസംഘംവഴി ലഭിക്കാറുള്ളത്. ചൂട് കൂടിയതോടെ ആയിരം മുതൽ അയ്യായിരം ലിറ്ററിന്റെ വരെ കുറവ് വന്നു. 180 ക്ഷീരസംഘങ്ങൾക്കും 28 ബിഎംസികൾക്കുമായി നിലവിൽ ലിറ്ററിനു 15 രൂപ മിൽമ അധികമായി നൽകുന്നതാണ് ആശ്വാസം. എട്ടുരൂപ കർഷകനും ആറുരൂപ ക്ഷീരസംഘങ്ങൾക്കും ഒരുരൂപ കർഷകരുടെ ഷെയറിലേക്കുമാണു നൽകുന്നത്. വേനൽക്കാല ഇൻഷ്വറൻസ് പദ്ധതിയും നിലവിലുണ്ട്.
വേനൽച്ചൂടിൽനിന്നു രക്ഷനേടാൻ അരുമമൃഗങ്ങൾക്കും പക്ഷികൾക്കും ധാരാളം വെള്ളം നൽകണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പറഞ്ഞു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ കന്നുകാലികളെ തുറസായ സ്ഥലങ്ങളിലോ വയലുകളിലോ കെട്ടരുത്. നട്ടുച്ചസമയത്ത് പശുവിന്റെ ശരീരത്തിൽ വെള്ളം തളിക്കുകയോ നനഞ്ഞ ചാക്കിട്ടു കൊടുക്കുകയോ ചെയ്യണം. ദിവസവും രണ്ടുനേരം പശുവിനെ കുളിപ്പിക്കണമെന്നും തൊഴുത്തിൽ ഫാനോ സ്പ്രിംഗ്ലറോ ഉപയോഗിക്കുന്നതു നല്ലതാണെന്നും അസോസിയേഷൻ പറഞ്ഞു.
കാലിത്തീറ്റ, പിണ്ണാക്ക് എന്നിവ രാവിലെയും വൈകീട്ടും നൽകണമെന്നും നേരിട്ടുള്ള വെയിലടിക്കുന്നതു സൂര്യാഘാതത്തിന് ഇടയാക്കുമെന്നും വെറ്ററിനറി സർജൻ ഡോ. വി.എൻ. അനീഷ് രാജ് പറഞ്ഞു. ശാരീരിക അസ്വസ്ഥത, കാലിടർച്ച, കിതപ്പ്, നാവ് പുറത്തേക്കു തള്ളുക, പതയോടെ കൂടിയ ഉമിനീരൊലിപ്പ്, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസതടസം, വിറയൽ, അപസ്മാരം പോലുള്ള ലക്ഷണങ്ങൾ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.