ഗുരുവായൂർ ക്ഷേത്രോത്സവം; ഇന്ന് ബ്രഹ്മകലശാഭിഷേകം
1531374
Sunday, March 9, 2025 7:37 AM IST
ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്ന് ക്ഷേത്രത്തിൽ കലശ ചടങ്ങുകളിൽ അതിപ്രധാനമായ ബ്രഹ്മകലശാഭിഷേകവും സഹസ്ര കലശാഭിഷേകവുമാണ്. ഇതോടെ കഴിഞ്ഞ എട്ടു ദിവസമായി നടക്കുന്ന കലശ ചടങ്ങുകൾ സമാപിക്കും.
സഹസ്ര കലശത്തിന് മുന്നോടിയായി ഇന്നലെ ഉച്ചതിരിഞ്ഞ് പാണിവാദ്യത്തിന്റെ അകമ്പടിയോടെ മന്ത്രപുരസരം 975 വെള്ളികുംഭങ്ങളിലും 26 സ്വർണകുംഭങ്ങളിലും കലശദ്രവ്യങ്ങളും ജലവും നിറച്ചു. ഇവയുടെ പരികലശപൂജ, അധിവാസഹോമം, കലശാധിവാസം എന്നിവയും രാത്രി തൃപ്പുകയ്ക്കുശേഷം സഹസ്ര കലശം അഭിഷേകം ചെയ്യാനുള്ള ഭഗവാന്റെ അനുവാദവും അനുഗ്രഹവും തേടുന്ന പ്രാർഥനാച്ചടങ്ങും നടന്നു.
ഇന്ന് രാവിലെ പന്തീരടിപൂജയ്ക്ക് ശേഷം സഹസ്ര കലശാഭിഷേകവും തുടർന്ന് ബ്രഹ്മകലശാഭിഷേകവും നടക്കും. ഇന്നലെ തത്വകലശ ഹോമവും തത്വ കലശാഭിഷേകവും നടന്നു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാനിധ്യത്തിൽ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടാണ് തത്വകലശാഭിഷേകം നിർവഹിച്ചത്.
ഉത്സവം നാളെ കൊടിയേറും
ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. ആനയില്ലാക്കാലത്തെ അനുസ്മരിച്ച് നടക്കാറുള്ള ആനയില്ലാ ശീവേലി നാളെ രാവിലെയും ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും നടക്കും.
ആനയോട്ടത്തിൽ 10 ആനകളെ അണിനിരത്തും. മൂന്നിൽ മൂന്ന് ആനകളെയാണ് ഓടിക്കുക. നാളെ സന്ധ്യക്ക് കൊടിയേറ്റ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്ക് കൂറയും, പവിത്രവും നല്കി ആചാര്യവരണം നടത്തും. തുടര്‍ന്ന് മുളയറയില്‍ ധാന്യങ്ങള്‍ വിതച്ച് മുളയിടും.
രാത്രി എട്ടോടെ സപ്തവര്ണകൊടിക്കൂറയിലേക്ക് ദേവചൈതന്യം സന്നിവേശിപ്പിച്ചതിനുശേഷം ക്ഷേത്രം തന്ത്രി കൊടിയേറ്റം നടത്തും. ദിവസവും കാഴ്ചശീവേലിക്ക് പ്രമുഖരുടെ മേളം അകമ്പടിയാവും. രാത്രിയില്‍ ശ്രീഭൂതബലിക്ക് ഗുരുവായൂരപ്പനെ വടക്കേനടയില്‍ എഴുന്നള്ളിച്ച് വയ്ക്കും. പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വയ്ക്കുന്ന ഗുരുവായൂരപ്പന് മുമ്പില്‍ ദിവസവും മൂന്നു തായമ്പകാവതരണം ഉണ്ടാകും.
ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ പന്തലിൽ ചൊവ്വാഴ്ച രാവിലെ മുതൽ അന്നദാനം ആരംഭിക്കും. ഇതിന് പുറമെ രണ്ടായിരത്തിലേറെ കുടുംബങ്ങൾക്ക് പകർച്ചയും നൽകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും മൂന്ന് താൽക്കാലിക സ്റ്റേജുകളിലുമായി കലാപരിപാടികളും അരങ്ങേറും. 18ന് പള്ളിവേട്ടയാണ്. 19ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.