സ്ത്രീസൗഹൃദ ടൂറിസത്തിൽ കേരളം മാതൃകയാകും: മന്ത്രി റിയാസ്
1531515
Monday, March 10, 2025 1:48 AM IST
തൃശൂർ: കേരളത്തെ സ്ത്രീസൗഹാർദ ടൂറിസത്തിന്റെ ആഗോളമാതൃകയാക്കാനാണു ലക്ഷ്യമിടുന്നതെന്നു ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടൂറിസം മേഖലയിലെ സ്ത്രീസംരംഭകരെയും സ്ത്രീയാത്രികരെയും പ്രോത്സാഹിപ്പിക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നിയന്ത്രണത്തിലുള്ള ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ലബ് വനിതാദിനത്തിൽ സംഘടിപ്പിച്ച സംരംഭകരുടെയും യാത്രികരുടെയും സ്നേഹാദരസംഗമം ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംരംഭകമേഖലയിലെ സ്ത്രീകൂട്ടായ്മയായ കിള്ളിമംഗലം പുൽപ്പായ നെയ്ത്തുസംഘം പ്രതിനിധികളെയും സാഹിത്യ-സാംസ്കാരിക-വൈജ്ഞാനികരംഗത്തെ പ്രവർത്തനത്തിനു വയലാ വാസുദേവൻപിള്ള ട്രസ്റ്റ് ചെയർപേഴ്സണ്‍ വത്സല വാസുദേവൻപിള്ളയെയും സംഗമത്തിൽ ആദരിച്ചു. ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ലബ് പ്രസിഡന്റ് എം.വി. വിദ്യ, ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ. രൂപേഷ്കുമാർ, കൗണ്‍സിലർ സുനിത വിനു, ക്ലബ് വൈസ് പ്രസിഡന്റ് ശ്രീദേവി പി. നന്പൂതിരിപ്പാട്, സെക്രട്ടറി നിഷ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.