കുറ്റപ്പെടുത്തലില്ല, കർശന നിർദേശം പോലീസിന്
1531513
Monday, March 10, 2025 1:48 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ സംസ്ഥാന പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ ഭാവിയിലെ മുന്നൊരുക്കങ്ങൾക്കു മുൻതൂക്കം. ഏതെങ്കിലും വിഭാഗത്തെ കുറ്റപ്പെടുത്തുന്നതിനു പകരം ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ പോലീസിനും മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റിനും ട്രാഫിക് വകുപ്പിനുമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയാണു എഡിജിപി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടെന്നാണു വിവരം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പു നടന്ന തൃശൂർ പൂരത്തിലെ ചടങ്ങുകൾ അലങ്കോലമായതു വൻ വിവാദത്തിനിടയാക്കിയിരുന്നു. പോലീസ് കർശനനിയന്ത്രണം ഏർപ്പെടുത്തിയത് ദേവസ്വങ്ങളുമായും ജനങ്ങളുമായുമുള്ള തർക്കത്തിനും ഇടയാക്കിയി. ഈ സാഹചര്യത്തിൽ പൂരത്തിന്റെ നടത്തിപ്പിൽ ഭാവിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കാണു റിപ്പോർട്ടിൽ ഊന്നലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
പൂരത്തിന്റെ മുഖ്യ പങ്കാളികളായ പാറമേക്കാവ്- തിരുവന്പാടി ദേവസ്വങ്ങൾ, ജില്ലാ ഭരണകൂടം, കൊച്ചിൻ ദേവസ്വം ബോർഡ് എന്നിവർ ചേർന്നു ചടങ്ങുകൾക്കു മുന്നോടിയായി കൂടിയാലോചന നടത്തണം. ആളുകളെ നിയന്ത്രിക്കൽ, റോഡ് അടച്ചുപൂട്ടൽ, വാഹന ഗതാഗതം, വെടിക്കെട്ട്, ആനകളുടെ എഴുന്നള്ളിപ്പ് എന്നിവയുടെ കാര്യത്തിൽ കൂട്ടായ ചർച്ചയുണ്ടാകണം.
വെടിക്കെട്ടിന്റെ ഭാഗമായ റോഡ് അടച്ചുപൂട്ടൽ, ആളുകളെ ഒഴിപ്പിക്കൽ എന്നിവയെക്കുറിച്ചു ജനങ്ങൾക്കും വ്യാപാരികൾക്കും പൂരം പ്രദർശന കമ്മിറ്റിക്കും മുൻകൂട്ടി അറിയിപ്പ് നൽകണം. പ്രശ്നങ്ങൾ ഒഴിവാക്കാൻ ആനകൾക്കൊപ്പം നിൽക്കുന്നവർക്കു തിരിച്ചറിയൽ കാർഡ് നൽകണം. ആനകൾക്കു പട്ടനൽകുന്നവരെ നിയന്ത്രിച്ചത് കഴിഞ്ഞവർഷം വാക്കുതർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു.
വെടിക്കെട്ടുപുരയുടെ സ്ഥാനം, സുരക്ഷ എന്നിവയിലും മുൻകൂർ ധാരണയുണ്ടാകണം. റവന്യു ഉദ്യോഗസ്ഥരുമായി തത്സമയം ആശയവിനിമയം നടത്താൻ വയർലെസ് സംവിധാനം ഏർപ്പെടുത്തണം. ആയിരക്കണക്കിന് ആളുകൾ കൂടുന്പോൾ മൊബൈൽ നെറ്റ്വർക്കുകൾ കുഴപ്പത്തിലാകുന്നത് ആശയവിനിമയത്തെ ബാധിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം. പൂരം നിയന്ത്രിക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്കു മുൻകൂട്ടി നിർദേശങ്ങൾനൽകണം. പൂരത്തെക്കുറിച്ചു ധാരണയുള്ളവരെ മുഖ്യ ചുമതലക്കാരാക്കണം. തീരുമാനങ്ങൾ എടുക്കേണ്ട ഓരോ ഘട്ടത്തിലും ദേവസ്വങ്ങളുമായും മറ്റു വകുപ്പുകളുമായും ആശയവിനിമയം നടത്തണം. ഇതിനായി പ്രത്യേകം ഗ്രൂപ്പുകളോ ഡിജിറ്റൽ സംവിധാനങ്ങളോ ഉപയോഗിക്കണം.
പൂരത്തിന് ഉപയോഗിക്കുന്ന ആംബുലൻസുകളിൽ വയർലെസ് കണക്ഷൻ ഉള്ള പോലീസ് ഉദ്യോഗസ്ഥൻ ചുമതലക്കാരനായി ഉണ്ടാകണം. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഗതാഗത നിയന്ത്രണ ചുമതലയിൽ ഉണ്ടാകണമെന്നും പൂരം ദിവസങ്ങളിൽ ആളുകളെ എത്തിക്കാൻ കഴിയുന്നവിധത്തിൽ സ്വകാര്യ- കെഎസ്ആർടിസി ബസുകളുടെ റൂട്ട് ക്രമീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.