ദുരഭിമാനം വെടിഞ്ഞ് ആശാ വർക്കർമാരെ അംഗീകരിക്കണം: എ.എൻ. രാധാകൃഷ്ണൻ
1531373
Sunday, March 9, 2025 7:37 AM IST
തൃശൂർ: ആശാ വർക്കർമാരുടെ സമരത്തെ സർക്കാർ അവഗണിക്കരുതെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മഹിളമോർച്ച സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അടിസ്ഥാനആവശ്യങ്ങൾ നിറവേറ്റാൻ വീടുകളുടെ വാതിൽപ്പടിയോളം എത്തുന്ന ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. ദുരഭിമാനം വെടിയാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഴയ നടക്കാവ് ബിജെപി ഓഫീസിൽനിന്ന് ആരംഭിച്ച റാലി നഗരംചുറ്റി കോർപറേഷൻ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്നു പൊതുസമ്മേളനത്തിൽ ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
പൂർണിമ സുരേഷ്, വി. ആതിര, വിൻഷി അരുണ്‍കുമാർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ജാൻസി, കോർപറേഷൻ കൗണ്‍സിലർമാരായ വിനോദ് പൊള്ളാഞ്ചേരി, എൻ. പ്രസാദ്, കെ.ജി. നിജി, അവിണിശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിജയൻ, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ ചിഞ്ചു രാജീവ്, റിനി മാണി എന്നിവർ പ്രസംഗിച്ചു.