നവ ഫാസിസത്തിന്റെ ആശീര്‍വാദത്തോടെ ഭരണം നേടാൻ സിപിഎം ശ്രമം: ഹസൻ
1531378
Sunday, March 9, 2025 7:37 AM IST
തൃശൂര്‍: നവ ഫാസിസത്തിന്റെ ആശീര്‍വാദത്തോടെ കേരളത്തില്‍ മൂന്നാംവട്ടവും ഭരണത്തില്‍ വരാനാണു സിപിഎം ശ്രമമെന്നു യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസന്. യുഡിഎഫ് ജില്ലാ നേതൃസംഗമം ഡിസിസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയും അക്രമവും തീവ്ര ഫാസിസ്റ്റ് പിന്തിരിപ്പന്നയവുമാണ് മൂന്നാം സര്‍ക്കാരിനായുള്ള പിണറായി വിജയന്റെ നീക്കത്തില്‍ കാണാനാകുന്നത്. കോർപറേറ്റ് മൂലധനശക്തികളുടെ സഹായത്തോടെ നവകേരളം സൃഷ്ടിക്കുമെന്നാണു രൂപരേഖയില്‍ പറയുന്നത്. സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട നയരേഖയിലൂടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യയില്‍ ഫാസിസം വന്നിട്ടില്ല, നവഫാസിസമാണു മോദി സര്‍ക്കാരിന്റേതെന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്. 2018ല്‍ ഹൈദരാബാദില്‍ പാര്‍ട്ടി പ്ലീനത്തില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി അവതരിപ്പിച്ച പ്രമേയത്തില്‍ മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ യോജിച്ചുനീങ്ങണമെന്നാണു പറയുന്നത്. ഇപ്പോഴത്തെ പ്രഖ്യാപനം പിണറായി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റാനുള്ള അടവുനയമാണ്.
തുടർഭരണം ലഭിച്ചതു പണസമ്പാദനത്തിനുള്ള ഏകമാർഗമാക്കി മാറ്റിയെന്നു പാർട്ടി മെമ്പർമാർപോലും തുറന്നുപറയുന്ന സ്ഥിതിയിലേക്കു സിപിഎം അധഃപതിച്ചെന്നും ഹസൻ പറഞ്ഞു.
ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാനായി ടി.വി. ചന്ദ്രമോഹൻ ചുമതലയേറ്റു. എം.പി. വിൻസെന്റ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, സി.എച്ച്. റഷീദ്, തോമസ് ഉണ്ണിയാടൻ, പി.എ. മാധവൻ, സി.വി. കുര്യാക്കോസ്, വസന്തൻ ചിയ്യാരം, എം.പി. ജോബി, ഒ. അബ്ദുൾ റഹ്മാൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.