പ്രധാനമന്ത്രിയെ നേരിൽകണ്ടു നിവേദനം നൽകാൻ കെഎസ്ഡബ്ല്യുഎ
1531375
Sunday, March 9, 2025 7:37 AM IST
തൃശൂർ: ഡൽഹിയിൽ നടത്തിയ കർഷകസമരത്തെ പൊളിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച തന്ത്രങ്ങൾതന്നെയാണ് കേരളത്തിൽ ആശാ വർക്കർമാരുടെ സമരത്തിനുനേരേ പിണറായി സർക്കാർ പ്രയോഗിക്കുന്നതെന്നു കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ.
വനിതാദിനത്തോടനുബന്ധിച്ചു പിജി സെന്ററിൽ നടത്തിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണ തൊഴിലാളികളും ആശാ വർക്കർമാരും സ്ത്രീതൊഴിലാളികളായതുകൊണ്ട് മോശം ജീവിതാവസ്ഥകളിൽ ജീവിച്ചാൽ മതിയെന്നാണ് എൽഡിഎഫ് സർക്കാർ പറയുന്നതെങ്കിൽ കേരളം എങ്ങനെ മറ്റു സംസ്ഥാനങ്ങളിൽനിന്നു വേറിട്ടതാകുമെന്ന് അദ്ദേഹം ചോദിച്ചു.
സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽകണ്ടു നിവേദനം നൽകാനും തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് പി.യു. ശോഭന അധ്യക്ഷത വഹിച്ചു. വി. രമാദേവി, കെ.ആർ. സുകുമാരി, പി.കെ. ബിന്ദു, ബി. വിജയകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.