മാരക ലഹരിമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ
1531363
Sunday, March 9, 2025 7:27 AM IST
ചാവക്കാട്: മാരക ലഹരിമരുന്നുമായി രണ്ടുപേർ ചാവക്കാട് എക്സൈസിന്റെ പിടിയിലായി. ഗുരുവായൂർ കാരക്കാട് കാരയിൽ ഗോവിന്ദ്(20), ചാവക്കാട് പുന്ന കറുപ്പംവീട്ടിൽ സയിദ് അക്ബർ(40) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ജെ. റിന്റോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി ചാവക്കാട് എക്സൈസ് നടത്തിയ രാത്രികാലപരിശോധനയിൽ കാരക്കാട്, പുന്ന എന്നിവിടങ്ങളിൽനിന്നാണ് 4.454 ഗ്രാം എംഡിഎംഎ യുമായി രണ്ടുപേർ പിടിയിലായത്.
അക്ബറിൽനിന്ന് 3.353 ഗ്രാമും ഗോവിന്ദില്നിന്ന് 1.101 ഗ്രാമും എംഡിഎംഎ കണ്ടെടുത്തു. വിൽപ്പനനടത്തുന്നതിനാണ് ലഹരിമരുന്ന് സൂക്ഷിച്ചതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു. ചാവക്കാട് പരിസരത്തു ലഹരിമരുന്നു വില്പന നടത്തുന്ന സംഘങ്ങളെപ്പറ്റി ഇവരിൽനിന്നു സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫിസർമാരായ സി.കെ. ബാഷ്പജൻ, ടി.ആർ. സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ. ബിജ, എ. ജോസഫ്, എസ്. ശ്യാം, എം.എ. അക്ഷയ്കുമാർ, വനിതാ ഓഫീസർ എസ്. സജിത, സിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.