മുറിച്ചിട്ട മരങ്ങള്‍ നഗരസഭ നീക്കം ചെയ്തില്ല: പ്രദേശവാസികൾ ദുരിതത്തിൽ
1530921
Saturday, March 8, 2025 1:51 AM IST
വടക്കാഞ്ചേരി: നഗരസഭയുടെ അനാസ്ഥമൂലം പ്രദേശവാസികൾ ദുരിതത്തിൽ. പഴയ പാർളിക്കാട് - മീണാലൂർ റോഡിൽ റോഡരികിൽനിന്ന പാഴ്മരങ്ങൾ നഗരസഭ മുറിച്ചിട്ടിട്ട് മാസങ്ങൾ പിന്നിട്ടു. ഇതുവരെ നീക്കംചെയ്യാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.
മുറിച്ചിട്ട മരങ്ങൾ റോഡരികിൽ കൂട്ടിയിട്ടതിനെ തുടർന്ന് പ്രദേശംമുഴുവൻ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയെന്ന് പ്രദേശവാസിയും കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ജില്ലാ പ്രസിഡന്റുമായ നന്തിലത്ത് ഗോപാലകൃഷ്ണൻ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് നിരവധിതവണ നഗരസഭ അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും നാളിതുവരെ ഒരുനടപടിയും ഉണ്ടായില്ലെന്ന് മറ്റു പ്രദേശവാസികളും പറയുന്നു. മുറിച്ചിട്ട മരങ്ങൾ റോഡരികിൽ കൂട്ടിയിട്ടതിനെത്തുടർന്ന് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
രാത്രിസമയങ്ങളിൽ വാഹനങ്ങൾ മരക്കൂട്ടത്തിൽത്തട്ടി അപകടങ്ങൾ ഉണ്ടാകുന്നതും നിത്യസംഭവമാണന്ന് ഡ്രൈവർമാരും പറയുന്നു. എത്രയുംപെട്ടന്ന് നഗരസഭ അധികൃതർ ഇടപെട്ട് പ്രശ്നംപരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.