റഷ്യയിൽ ദുരിതത്തിലകപ്പെട്ട യുവാക്കളുടെ ഭവനം ജോസ് വള്ളൂർ സന്ദർശിച്ചു
1530920
Saturday, March 8, 2025 1:51 AM IST
വടക്കാഞ്ചേരി: തൊഴിൽതട്ടിപ്പിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടി വരികയും രണ്ടുമാസംമുമ്പ് ഉക്രയിൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയുംചെയ്ത തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം എത്രയുംവേഗംനാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഡിസിസി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു.
ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് മോസ്ക്കോവിൽ ചികിത്സയിൽ കഴിയുന്ന തെക്കുംകര ഗ്രാമപഞ്ചായത്ത് കുത്തുപാറ സ്വദേശി തെക്കേമുറിയിൽ ജെയിൻ കുര്യനെ(23) മോചിപ്പിക്കുന്നതിനുവേണ്ട അടിയന്തര ടപടികൾ കേന്ദ്രസർക്കാരും വിദേശകാര്യ മന്ത്രാലയവും സ്വീകരിക്കണമെന്നും ജോസ് വള്ളൂർ ആവശ്യപ്പെട്ടു. ജോസ് വള്ളൂർ കുത്തുപാറയിലുള്ള ജെയിൻ കുര്യന്റെ വീട് സന്ദർശിക്കുകയും മോസ്കോവിൽ ചികിൽസയിൽ കഴിയുന്ന ജെയിൻ കുര്യനുമായി വീഡിയോ കോൾ വഴി സംസാരിക്കുകയുംചെയ്തു.
ഇവരെ നാട്ടിലെത്തിക്കുന്നതിനായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന എംപിമാരുമായും അദ്ദേഹം സംസാരിച്ചു. ഇവരെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി നോർക്ക, എംബസി വഴി എല്ലാപരിശ്രമങ്ങളും നടത്തുമെന്ന് ജെയിൻ കുര്യന്റെ കുടുംബത്തിന് അദ്ദേഹം ഉറപ്പുനൽകുകയുംചെയ്തു.
തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെയ്സൻ മാത്യു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വിജി സുരേഷ്കുമാർ, ജനറൽസെക്രട്ടറി ജോഷി കല്ലിയേൻ, ബൂത്ത് പ്രസിഡന്റ് സാജൻ പുളിയൻമാക്കൽ, പി.വി. റോയ്, ദിലീപ് ആന്റണി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.