അക്ഷയ കേന്ദ്രങ്ങൾ താഴത്തെ നിലയിലാക്കാത്ത പ്രൊജക്ട് ഡയറക്ടർക്കു വിമർശനം
1530919
Saturday, March 8, 2025 1:51 AM IST
തൃശൂർ: അക്ഷയകേന്ദ്രങ്ങൾ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാത്തതിൽ അക്ഷയ കേന്ദ്രം പ്രോജക്ട് ഡയറക്ടർക്കു കമ്മീഷന്റെ വിമർശനം.
ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതു കൊണ്ടാണു സമാന വിഷയത്തിൽ നിരവധി പരാതികൾ ലഭിക്കുന്നതെന്നു കമ്മീഷൻ അംഗം വി. ഗീത നിരീക്ഷിച്ചു.
2023ൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അക്ഷയ ഡയറക്ടർ മൂന്നു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വരന്തരപ്പള്ളി പഞ്ചായത്തിലെ അക്ഷയകേന്ദ്രം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു മാറ്റണമെന്ന പരാതി പരിഗണിക്കുമ്പോഴാണു മുമ്പു നൽകിയ ഉത്തരവ് നടപ്പാക്കിയതു സംബന്ധിച്ച് കമ്മീഷൻ വിശദീകരണം ചോദിച്ചത്. 2023 ജൂൺ ഒന്പതിനു നൽകിയ ഉത്തരവ് അക്ഷയ ഡയറക്ടർ നടപ്പാക്കിയിട്ടില്ലെന്നാണു കണ്ടെത്തൽ.
അംഗപരിമിതർക്കും അവശത അനുഭവിക്കുന്നവർക്കും കെട്ടിടത്തിന്റെ മുകൾനിലയിലെത്താൻ കഴിയുന്നില്ലെന്നു പരാതിക്കാരൻ ആരോപിച്ചു. മേയിൽ കേസ് വീണ്ടും പരിഗണിക്കും.
ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് കെട്ടിടങ്ങളുടെ മുകൾ നിലയിലാണെന്നും 2023 ൽ പാസാക്കിയ ഉത്തരവിൽ കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. സുരേഷ് ചെമ്മനാടൻ സമർപ്പിച്ച പരാതിയിലാണു നടപടി.