സമൂഹവളർച്ചയ്ക്കു സ്ത്രീശക്തീകരണം അനിവാര്യം: മാർ ആൻഡ്രൂസ് താഴത്ത്
1530917
Saturday, March 8, 2025 1:51 AM IST
തൃശൂർ: സ്ത്രീ ഉണർന്നെഴുന്നേൽക്കേണ്ട സമയം അതിക്രമിച്ചെന്നും തിടുക്കത്തിൽ ഇറങ്ങിപ്രവർത്തിക്കേണ്ടവരാണു സ്ത്രീകളെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
അതിരൂപത വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു.
സീറോ മലബാർ മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. കെസിബിസി വിമൻസ് കമ്മീഷൻ ചെയർമാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും സേവനതീക്ഷണതയിൽ ജീവിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്ന റോഷ്നി എന്ന അധ്യാപികയെ വനിതാപ്രതിഭ എന്ന നിലയിൽ ആദരിച്ചു.
റവ.ഡോ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, ഉജ്വല ബിജു, ഫാ. അനിഷ് കൂത്തൂർ, പ്രഫ. എലിസബത്ത് മാത്യു, ഫാ. ബിജു കല്ലിങ്കൽ, അഡ്വ. വില്ലി ജിജോ, റോസ് പോൾ എന്നിവർ പ്രസംഗിച്ചു.
റോഷ്നി: അന്ധതയെ തോല്പിച്ച അധ്യാപിക
തൃശൂർ: നിശ്ചയദാർഢ്യംകൊണ്ട് അന്ധതയെ തോല്പിച്ച അധ്യാപികയാണ് അതിരൂപത വനിതാ കമ്മീഷൻ വനിതാപ്രതിഭയായി ആദരിച്ച റോഷ്നി. വേലൂർ സർക്കാർ ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക.
25-ാം വയസിൽ കാഴ്ച നഷ്ടപ്പെട്ട റോഷ്നിക്കു പത്തുശതമാനമേ ഇപ്പോൾ കാഴ്ചയുള്ളൂ. അന്ധത ബാധിച്ചശേഷമാണു റോഷ്നി ഡിഗ്രി, ബിഎഡ്, ഹിന്ദിയിൽ എംഎ, പിജിഡിസിഎ, എച്ച്ഡിസി ബിരുദങ്ങൾ നേടിയത്.
ജീവിതവ്യാപാരങ്ങളെല്ലാം സ്വയമേ നിർവഹിക്കുന്ന റോഷ്നി ടീച്ചർ സാമൂഹ്യമേഖലകളിലും കുട്ടികളുടെ പരിശീലനത്തിലും സജീവമാണ്. പുറനാട്ടുകര ചാലയ്ക്കൽ ഐസക്കിന്റെയും മേരിയുടെയും മകളാണ്.