ചട്ടങ്ങളും നിയമങ്ങളും പാവപ്പെട്ടവർക്ക് വിലങ്ങുതടിയാകരുത്: മന്ത്രി
1530916
Saturday, March 8, 2025 1:51 AM IST
മണ്ണുത്തി: പിണറായി സർക്കാർ അധികാരത്തിൽവന്നശേഷം എട്ടരവർഷംകൊണ്ട് 3.66 ലക്ഷം പട്ടയങ്ങൾ വിതരണംചെയ്തുവെന്നും ഈ വർഷം അഞ്ചുലക്ഷം പട്ടയങ്ങളുടെ വിതരണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു.
മണ്ണുത്തിയിൽനടന്ന ഒല്ലൂർ നിയോജകമണ്ഡലം പട്ടയ അസംബ്ലിയിൽ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. ചട്ടങ്ങളും നിയമങ്ങളും മനുഷ്യനിർമിതമാണ്. പാവപ്പെട്ട ഒരാൾക്ക് ഭൂമികൊടുക്കാനും അവന് രേഖ ഉണ്ടാക്കിക്കൊടുക്കാനുമുള്ള ഉത്തോലകങ്ങളാണ് നമ്മുടെ ചട്ടങ്ങളും നിയമങ്ങളും.
ആ ചട്ടങ്ങളും നിയമങ്ങളും പാവപ്പെട്ടവന്റെ മുമ്പിൽ ചെകുത്താനെ കുരിശുകാണിച്ചു ഓടിക്കുന്നതുപോലെ, കുരിശാക്കി അവതരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. ഒളകര ഉന്നതിയിലെ 44 കുടുംബങ്ങൾക്ക് പട്ടയങ്ങൾ 22ന് വിതരണംചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പട്ടയപ്രശനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകൾ പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി ഏപ്രിൽ 30ന് റവന്യു ഉദ്യോഗസ്ഥ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ണൂത്തി കാർഷിക സർവകലാശാല കമ്യൂണിക്കേഷൻ സെന്ററിൽനടന്ന പട്ടയ അസംബ്ലിയിൽ എഡിഎം ടി. മുരളി, തൃശൂർ സബ് കളക്ടറും ഒല്ലൂർ നിയോജകമണ്ഡലം നോഡൽ ഓഫീസറുമായ അഖിൽ വി.മേനോൻ, ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി, പുത്തൂർ, നടത്തറ, മാടക്കത്തറ ഗ്രാ പഞ്ചായത്ത് പ്രസിഡന്റുമാർ, എൽആർ ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, തഹസിൽദാർ പി. ജയശ്രി തുടങ്ങിയ ഉദ്യോഗസ്ഥർ പട്ടയ അസംബ്ലിയിൽ പങ്കെടുത്തു.