പോട്ട ദേശീയ കൺവൻഷനിൽ പങ്കെടുക്കാൻ വൻജനാവലി
1530913
Saturday, March 8, 2025 1:51 AM IST
ചാലക്കുടി: 36-ാമതു പോട്ട ദേശീയ ബൈബിൾ കൺവൻഷനിൽ പങ്കെടുക്കാൻ വൻ ജനാവലി എത്തുന്നു. കൺവൻഷന്റെ മൂന്നാംദിവസമായ ഇന്നലെ ആയിരങ്ങളാണ് പങ്കെടുത്തത്.
നമ്മുടെ കുറവുകളെ കാണാൻ നാം എളിമപ്പെടണമെന്നും അപ്പോൾ കുറവുകളിലേക്കു യേശുവിന്റെ സ്നേഹം ഒഴുകുമെന്നും ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ വചനസന്ദേശം നൽകിക്കൊണ്ട് പറഞ്ഞു. എളിമയും ശാന്തതയുമാണ് യേശു ആവശ്യപ്പെടുന്നത്. അതാണ് ശത്രുവിലേക്ക് ഒഴുകുന്ന സ്നേഹമെന്നും നിലയ്ക്കാത്ത സ്നേഹത്തിന്റെ ഉറവ അതിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാ. തോമസ് അറയ്ക്കൽ, ഫാ. ജോസഫ് എറമ്പിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ഡെർബിൻ ഇറ്റിക്കാട്ടിൽ എന്നിവർ വചനപ്രഘോഷണം നയിച്ചു. വിൻസെൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിൻകര ദിവ്യബലിക്കു മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകി. ആരാധനയോടെ ഇന്നലത്തെ കൺവൻഷൻ സമാപിച്ചു.