തൃശൂർ നഗരത്തിൽ ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു
1530912
Saturday, March 8, 2025 1:51 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ നഗരത്തിൽ ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. തൃശൂർ- ഷൊർണൂർ റോഡിൽ ജില്ലാ സഹകരണ ആശുപത്രിക്ക് എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിനുമുന്നിൽ പാർക്ക് ചെയ്ത മൂന്നു ബൈക്കുകളാണ് ഇന്നലെ ഉച്ചയ്ക്കു കത്തിനശിച്ചത്. പാർക്ക് ചെയ്ത ബുള്ളറ്റ് ബൈക്കിൽനിന്ന് ആദ്യം പുകയുയർന്നു. പിന്നാലെ തീ മറ്റു ബൈക്കുകളിലേക്കു പടർന്നു. നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും ഇവിടെ പാർക്ക് ചെയ്തിരുന്നു.
തീപടർന്നതോടെ സമീപത്തെ കടകളുടെ ഷട്ടറിട്ടു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് മറ്റു വാഹനങ്ങൾ നീക്കിയശേഷം തീയണച്ചു. തീ ആളിയതോടെ ബൈക്കുകൾ പൊട്ടിത്തെറിക്കുമെന്ന ആശങ്കയുയർന്നിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അമിതമായ ചൂടാണോ ഷോർട്ട് സർക്യൂട്ടാണോ കാരണമെന്നറിയാൻ വിശദപരിശോധന വേണമെന്നു ഫയർഫോഴ്സ് പറഞ്ഞു.
പരിഭ്രാന്തിയിൽ
മണിക്കൂറുകൾ
തൃശൂർ: തിരക്കേറിയ സ്ഥലത്തു നട്ടുച്ചയ്ക്കു ബൈക്കുകളിൽ തീപടർന്നതു പരിഭ്രാന്തി പരത്തി. സ്വകാര്യ ബാങ്ക് അടക്കം പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിനുമുന്നിലാണു തീപിടിത്തം. തൃശൂർ- ഷൊർണൂർ റോഡിലും ഷോപ്പിംഗ് കോംപ്ലക്സിലും ആശുപത്രിക്കു സമീപവും ആളുകളുണ്ടായിരുന്നു. നിരവധി കച്ചവടസ്ഥാപനങ്ങളും സ്ഥലത്തു തുറന്നിരുന്നു.
ഇരുചക്ര വാഹനങ്ങൾ അടുത്തടുത്താണു പാർക്ക് ചെയ്തത്. മറ്റു വാഹനങ്ങളിലേക്കു തീപടരാനുള്ള സാധ്യതയുമുണ്ടായിരുന്നു. അപകടമറിഞ്ഞയുടൻ ഫയർഫോഴ്സിന് എത്താൻ കഴിഞ്ഞത് അപകട സാധ്യത കുറച്ചു. ഫയർഫോഴ്സിന്റെ ഇടപെടലാണു വൻ അപകടസാധ്യത ഇല്ലാതാക്കിയതെന്നു സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.