ഗുരുവായൂർ ഉത്സവത്തിന് 4.55 കോടിയുടെ എസ്റ്റിമേറ്റ്
1530911
Saturday, March 8, 2025 1:51 AM IST
ഗുരുവായൂർ: ക്ഷേത്രോത്സവത്തിനു 4,55,83,000 രൂപയുടെ എസ്റ്റിമേറ്റിനു ഭരണസമിതി അംഗീകാരം നൽകിയതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസാദ ഊട്ടിനാണ് 3,34,73,000 രൂപയും ചെലവിടുന്നത്. ക്ഷേത്രചടങ്ങുകൾ, വാദ്യം, ദീപാലങ്കാരം, കലാപരിപാടികൾ തുടങ്ങിയവയ്ക്ക് 1.21 കോടിയാണ് ചെലവ്.
വിപുലമായ സംവിധാനങ്ങളാണ് പ്രസാദ ഊട്ടിനും പകർച്ചയ്ക്കുമായി ഒരുക്കിയിട്ടുള്ളത്. ഉത്സവത്തോടനുബന്ധിച്ചു ഭക്തജനങ്ങൾക്കു കാണുന്നതിനായി ദേവസ്വം ആദ്യമായി ചമയപ്രദർശനം ഒരുക്കും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ ശ്രീവത്സം അനക്സിലെ കൃഷ്ണഗീതി ഹാളിലാണ് ചമയം പ്രദർശിപ്പിക്കുന്നത്. ക്ഷേത്രത്തിലും മ്യൂസിയത്തിലും സൂക്ഷിച്ചിട്ടുള്ള ആനച്ചമയങ്ങൾ, മറ്റ് അമൂല്യവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കും.
ക്ഷേത്ര ചുറ്റമ്പലത്തിൽ നടക്കുന്ന കാഴ്ചശീവേലി, മേളം, തായമ്പക തുടങ്ങിയ ചടങ്ങുകൾ പുറത്തുള്ളവർക്കു കാണുന്നതിനായി പുറത്ത് എൽഇഡി വാൾ സ്ഥാപിക്കും. ക്യൂ പന്തലിനുസമീപം സ്ഥാപിച്ചിട്ടുള്ള എൽഇഡി വാളിനുപുറമെ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് ഉരൽപ്പുരയ്ക്കു സമീപം വലിയ ടിവി സ്ഥാപിക്കും.
ക്ഷേത്രകലകൾക്കു പ്രാധാന്യം നൽകിയുള്ള കലാപരിപാടികളാണ് ഇക്കുറി നടത്തുന്നതെന്നും ചെയർമാൻ അറിയിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഉത്സവത്തിനു കലാപരിപാടികളേറെ
ഗുരുവായൂർ: ക്ഷേത്രോത്സവത്തിനു കലാപരിപാടികളേറെ. കൊടിയേറ്റദിനത്തിൽ രാത്രി കഥകളിയോടെയാണ് കലാപരിപാടികൾക്കു തുടക്കമാവുക. പിന്നീടുള്ള ദിവസങ്ങളിൽ പുലർച്ചെ അഞ്ചുമുതൽ ആറുവരെ അഷ്ടപദി, രാവിലെ നാദസ്വരം, തുടർന്നു പ്രഗത്ഭരുടെ ഭക്തിപ്രഭാഷണം എന്നിവയാണ്.
എം.ജി. ശ്രീകുമാറിന്റെ ഭക്തിഗാനമേളയും നടി നവ്യ നായരും കലാകാരികളും അണിനിരക്കുന്ന നൃത്തവും ഉണ്ടാവും.സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന നാദ നൈവേദ്യം, മണിപ്പുരി നൃത്തം, നൃത്തത്രയം, വയലിൻ ഫ്യൂഷൻ, സംഗീതക്കച്ചേരി, പൂരക്കളി, കളരിപ്പയറ്റ്, കണ്യാർക്കളി, വഞ്ചിപ്പാട്ട്, നന്തുണിപ്പാട്ട്, തിരുവനന്തപുരം അതുല്യ തിയറ്റേഴ്സിന്റെ "ഗുരുവായൂരപ്പനും ഭക്തകവി പൂന്താനവും" നാടകവും ഉണ്ടാകും.
ഇക്കുറി 500 തിരുവാതിരക്കളി സംഘങ്ങൾക്കാണ് അവസരം നൽകുന്നത്. ദിവസവും എഴുപതിലേറെ തിരുവാതിരക്കളികളുണ്ടാകും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനുപുറമെ വൈഷ്ണവം, വൃന്ദാവനം, വൈകുണ്ഠം എന്നീ പേരുകളിലുള്ള താൽക്കാലിക സ്റ്റേജുകളിലുമായാണ് കലാപരിപാടികൾ അരങ്ങേറുന്നത്. വൃന്ദാവനം വേദി തിരുവാതിരക്കളി സംഘങ്ങൾക്കുമാത്രമാണ്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടം നടക്കും. രാത്രി ഉത്സവം കൊടിയേറും. 19 ന് ആറാട്ടോടെ ഉത്സവത്തിനു സമാപനമാകും.