വായ്പ തിരിച്ചടവ് മുടങ്ങി; വ്യാപാരിയെ സ്വകാര്യ ബാങ്ക് ജീവനക്കാരൻ മർദിച്ചതായി പരാതി
1514235
Saturday, February 15, 2025 1:51 AM IST
അരിമ്പൂർ: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ അരിമ്പൂർ കുന്നത്തങ്ങാടിയിൽ സ്വകാര്യ ഫിനാൻസ് കമ്പനി (ബജാജ് ഫിനാൻസ്)യുടെ ജീവനക്കാരൻ തട്ടുകടയിൽ കയറി കടയുടമയെ മർദിച്ചതായി പരാതി. മുൻ അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷിനാണു മർദനമേറ്റത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വർഷങ്ങളായി കുന്നത്തങ്ങാടി സെന്ററിൽ തട്ടുകട നടത്തുകയാണ് സതീഷ്. ബജാജ് ഫിനാൻസിൽ നിന്നും സതീഷ് ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മാസം 6400 രൂപയാണ് തിരിച്ചടക്കേണ്ടത്. ഈ തുക ബാങ്കിൽനിന്ന് ഓട്ടോമാറ്റിക് ഡെബിറ്റ് ആയി പോകുകയാണു പതിവ്. എന്നാൽ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ഈ മാസം അടവ് നടന്നില്ലെന്ന് സതീഷ് പറയുന്നു.
തുടർന്ന് രാവിലെ സ്ഥാപനത്തിന്റെ പ്രതിനിധി കടയിലെത്തി കച്ചവടം നടത്താൻ സമ്മതിക്കില്ല എന്നുപറഞ്ഞ് ആളുകളുടെ മുന്നിൽ വച്ച് അസഭ്യം പറയുകയും അപമാനിക്കുയും പ്രശ്നം രൂക്ഷമായതോടെ വന്നയാൾ കടയുടെ ഉള്ളിൽവച്ച് സതീഷിനെ മർദിക്കുകയും ചെയ്തുവെന്നാ ണു പരാതി.
മൽപ്പിടിത്തത്തിനിടയിൽ പണം ചോദിച്ചെത്തിയ ആളുടെ ദേഹത്ത് ചൂടുകഞ്ഞിവച്ച പാത്രം മറിഞ്ഞുവീണ് പൊള്ളലേറ്റു. ഇതിനിടയിൽ ധനകാര്യ സ്ഥാപനത്തി ന്റെ പ്രധാനികൾ അടക്കം സ്ഥലത്തെത്തി. നാട്ടുകാർ അറിയിച്ചതിനെതുടർന്ന് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുത്തു.