മച്ചാട് മാമാങ്കം: പറ പുറപ്പെട്ടു
1514233
Saturday, February 15, 2025 1:50 AM IST
പുന്നംപറമ്പ്: ആചാര വൈവിധ്യങ്ങൾ നിറഞ്ഞ ചരിത്രപ്രസിദ്ധമായ മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പറപുറപ്പെട്ടു. മാമാങ്ക പങ്കാളികളായ ദേശങ്ങളിൽ നിന്നുള്ള തട്ടകക്കാർ തിങ്ങിനിറഞ്ഞ മച്ചാട് തിരുവാണിക്കാവിൽ വൈകീട്ട് അത്താഴപൂജയ്ക്കു ശേഷം ഒന്പതരയോടെയാണു പറപുറപ്പെട്ടത്. പറപുറപ്പാടിനു മുന്നേടിയായി നിയമാനുസൃതമായ വെടിക്കെട്ടും ഉണ്ടായി.
നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ഡബിൾ തായമ്പക എന്നിവയ്ക്കുശേഷമായിരുന്നു പറപുറപ്പാട്. ഭഗവതിയുടെ പ്രതിനിധിയായി പോകുന്ന ഇളയതിനെ അവകാശികളായ എടുപ്പൻമാർ തോളിലേറ്റി ആർപ്പുവിളിയോടെ ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം നടത്തിയശേഷം ക്ഷേത്രത്തിനുപുറത്ത് കിഴക്കേനടയിൽവച്ച ഹരിജൻ ആദ്യ പറ സ്വീകരിച്ചശേഷം ക്ഷേത്രത്തിന് അകത്തുവച്ച പൊതുപറകൾ സ്വീകരിച്ചു. ഇതോടെ മാമാങ്ക ആഘോഷങ്ങൾക്കു തുടക്കമായി.
മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമായി മച്ചാട് തിരുവാണിക്കാവിൽ ഇളയതാണ് പറപുറപ്പാടിനു നേതൃത്വം നൽകുക. തെക്കുംകര, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, വേലൂർ, എരുമപ്പെട്ടി, കടങ്ങോട്, മാടക്കത്തറ എന്നീ പഞ്ചായത്തുകളിലെ 5000 ത്തിൽ അധികം വീടുകളിൽ വരുംദിവസങ്ങളിൽ ഇളയതിനെ തോളിലേറ്റി പറയെടുക്കാനെത്തും. മച്ചാട് മാമാങ്കത്തിന്റെ പറപുറപ്പാടിൽ ചെണ്ടയ്ക്കു സ്ഥാനമില്ല. പകരം കൊമ്പും കുഴലുമാണ് ഉണ്ടാകുക. ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും മാമാങ്കപ്പറ വീടുകളിൽ വയ്ക്കുന്നത് ഇവിടത്തെ മാത്രം പ്രത്യേകതയാണ്. പറപുറപ്പാട് ദിവസം മുതൽ പൂരംദിനംവരെ ക്ഷേത്രത്തിലും വിവിധ തട്ടക ദേശങ്ങളിലും വിവിധ കലാപരികൾ ഉണ്ടാകും.
ഇത്തവണത്തെ വേലാഘോഷ പരിപാടികൾക്കു ചുക്കാൻ പിടിക്കുന്നത് പുന്നംപറമ്പ് വിഭാഗമാണ്. കെ. രാമചന്ദ്രൻ - പ്രസിഡന്റ്, ടി.എസ്. ജയൻ - സെക്രട്ടറി, സി.എ. നന്ദകുമാർ - ട്രഷറർ എന്നി വരുടെ കമ്മിറ്റിയാണു മാമാങ്കത്തിനു നേതൃത്വം നൽകുന്നത്.
ക്ഷേത്രത്തിൽനിന്നും ഇന്നലെ രാത്രി പറപുറപ്പെട്ടതോടെ മാമാങ്ക ദിവസം വരെ ദേശങ്ങളിലെ വീടുകളിൽ നാടൻ കലാരുപങ്ങളായ തിറ, പൂതൻ, കുമ്മാട്ടി, ആണ്ടി, നായാടി മുതലായവ വീടുകളിലെത്തും. ദേശങ്ങളിൽ ഇന്നുമുതൽ വിവിധ കലാപരിപാടികളും ഉണ്ടാകും. പറപുറപ്പാടിനുശേഷം ക്ഷേത്രത്തിൽ ചെമ്മീൻബാൻഡ് അവതരിപ്പിച്ച ലൈവ് കൺസേർട്ട് നടന്നു. കരുമത്ര, മണലിത്തറ, വിരുപ്പാക്ക, പാർളിക്കാട്, മംഗലം എന്നീ പ്രധാന ദേശക്കാർ മത്സരിച്ച് പങ്കെടുക്കുന്ന മാമാങ്കം 18 നാണ്.