പറപുറപ്പാട് ഇന്ന്: മച്ചാട് മാമാങ്കം 18ന്
1513937
Friday, February 14, 2025 1:40 AM IST
വടക്കാഞ്ചേരി: ആചാരവൈവിധ്യങ്ങൾ നിറഞ്ഞ മച്ചാട് തിരുവാണിക്കാവ് ഭഗവതിക്ഷേത്രത്തിലെ പറപുറപ്പാട് ഇന്നു നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽപറഞ്ഞു.
ഇന്നുരാത്രി 9.30ന് ഭഗവതിയുടെ പ്രതിനിധിയായി പോകുന്ന ഇളയതിനെ അവകാശികളായ എടുപ്പൻമാർ തോളിലേറ്റി ആർപ്പുവിളിയോടെ ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം നടത്തിയശേഷം ക്ഷേത്രത്തിനുപുറത്ത് കിഴക്കേനടയിൽവച്ച ആദ്യ ഹരിജൻ പറ സ്വീകരിക്കും. തുടർന്ന് ക്ഷേത്രത്തിനു അകത്തുവച്ച പൊതുപറകളും സ്വീകരിക്കും. ഇതോടെ മാമാങ്ക ആഘോഷങ്ങൾക്കു തുടക്കമാകും. മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമായി മച്ചാട് തിരുവാണിക്കാവിൽ ഇളയതാണ് പറപുറപ്പാടിനു നേതൃത്വംനൽകുക. കരുമത്ര, മണലിത്തറ, വിരുപ്പാക്ക, പാർളിക്കാട്, മംഗലം എന്നീ പ്രധാനദേശക്കാർ മത്സരിച്ചുപങ്കെടുക്കുന്ന മാമാങ്കം 18ന് നടക്കും.
തെക്കുംകര, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, വേലൂർ, എരുമപ്പെട്ടി, കടങ്ങോട്, മാടക്കത്തറ എന്നീ പഞ്ചായത്തുകളിലെ 5000ൽ അധികം വീടുകളിൽ ഇളയതിനെ തോളിലേറ്റി പറയെടുക്കാനെത്തും. മച്ചാട് മാമാങ്കത്തിന്റെ പറപുറപ്പാടിൽ ചെണ്ടയ്ക്കു സ്ഥാനമില്ല. പകരം കൊമ്പും കുഴലുമാണ് ഉണ്ടാകുക.
ജാതിമതവ്യത്യാസമില്ലാതെ എല്ലാവിഭാഗം ജനങ്ങളും മാമാങ്കപ്പറ വീടുകളിൽവയ്ക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്. ക്ഷേത്രത്തിൽനിന്നു ഇന്ന് പറ പുറപ്പെടുന്നതോടെ മാമാങ്കദിവസംവരെ നാടൻകലാരൂപങ്ങളായ തിറ, പൂതൻ, കുമ്മാട്ടി, ആണ്ടി, നായാടി, മുതലായവ വീടുകളിലെത്തും. മാമാങ്കത്തിന്റെ ആഘോഷം അഞ്ച് ദിവസത്തേക്ക് 50 ലക്ഷം രൂപയ്ക്ക് ഇൻഷ്വര് ചെയ്തിട്ടുണ്ട്. ഇത്തവണത്തെ വേലാഘോഷ പരിപാടികൾക്കു ചുക്കാൻപിടിക്കുന്നത് പുന്നംപറമ്പ് ദേശമാണ്. കെ. രാമചന്ദ്രൻ - പ്രസിഡന്റ്, ടി.എസ്. ജയൻ -സെക്രട്ടറി, സി.എ. നന്ദകുമാർ - ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റിയാണ് മാമാങ്കത്തിനു നേതൃത്വംനൽകുന്നത്.
മച്ചാട് കാർണിവലിന്
തിരിതെളിഞ്ഞു
പുന്നംപറമ്പ്: മച്ചാട് മാമാങ്കത്തോടനുന്ധിച്ച് തെക്കുംകര പഞ്ചായത്തും ജില്ലാവ്യവസായ വകുപ്പും വിവിധ മാമാങ്ക കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മച്ചാട് കാർണിവലിന് (സീസൺത്രീ) തിരിതെളിഞ്ഞു.
തെക്കുംകര തിരുവാണിക്കാവ് ഭഗവതിക്ഷേത്രത്തിനുസമീപം തയാറാക്കിയസ്ഥലത്ത് ആരംഭിച്ച കാർണിവൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് ഉദ്ഘാടനംചെയ്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർഅധ്യക്ഷതവഹിച്ചു
.വൈസ്പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ആർ. രാധാകൃഷ്ണൻ, വി.സി. സജീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എ.ആർ. കൃഷ്ണൻകുട്ടി, കെ. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.