പഠനത്തിനു പ്രായമില്ല 66-ാം വയസിൽ വക്കീൽകുപ്പായമിട്ട് കെ.ജെ. റാഫി
1513928
Friday, February 14, 2025 1:39 AM IST
തൃശൂർ: അക്കൗണ്ട് ജനറൽ ഓഫീസിൽ 36 വർഷത്തെ സേവനത്തിനുശേഷം 66-ാം വയസിൽ അഭിഭാഷക കുപ്പായമണിഞ്ഞ് കെ.ജെ. റാഫി.
1982ൽ തിരുവനന്തപുരത്തു ജോലിയിൽ പ്രവേശിപ്പിച്ചപ്പോൾ സായാഹ്ന കോഴ്സിൽ ചേർന്നു നിയമപഠനം നടത്താൻ ആഗ്രഹിച്ചെങ്കിലും തൃശൂരിലേക്കു സ്ഥലംമാറ്റം ലഭിച്ചു. പിന്നീടു സംഘടനാപ്രവർത്തനവുമായി ബന്ധപ്പെട്ട് 1993ൽ തിരുവനന്തപുരത്ത് എത്തിയപ്പോഴും നിയമപഠനം സ്വപ്നമായി അവശേഷിച്ചു.
ഏജീസ് ഓഫീസിലെയും മറ്റു കേന്ദ്ര സർക്കാർ ഓഫീസുകളിലെയും ജീവനക്കാരെ വകുപ്പുതല അന്വേഷണ നടപടികളിൽനിന്നു നിയമപരമായി സഹായിക്കുന്ന ഡിഫൻസ് അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. 2019ൽ കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബട്ടവാഡി ശ്രീകൃഷ്ണ കോളജിൽ പഞ്ചവത്സര എൽഎൽബി കോഴ്സിനു ചേർന്നു. 2024ൽ ബിരുദം നേടുകയായിരുന്നു. സീനിയർ അഭിഭാഷകൻ പി.എസ്. ഈശ്വരന്റെ കീഴിൽ ജൂണിയർ അഭിഭാഷകനായാണ് പ്രാക്ടീസ് ആരംഭിച്ചിട്ടുള്ളത്.
കെസിവൈഎം സംസ്ഥാന പ്രസിഡന്റും തൃശൂർ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗവുമായിരുന്നു. എഐടിയുസിയുടെ വിവിധ യൂണിയനുകളുടെ സംസ്ഥാന ഭാരവാഹിയുമാണ്.