നാട്ടുകാരിൽ കൗതുകമുണർത്തി ചെമ്മരിയാട്ടിൻകൂട്ടം
1513642
Thursday, February 13, 2025 2:02 AM IST
എരുമപ്പെട്ടി: നാട്ടിടവഴികളിലൂടെ നടന്നുനീങ്ങുന്ന ആട്ടിൻപറ്റം കൗതുകക്കാഴ്ചയാകുന്നു. തമിഴ്നാട്ടിൽനിന്ന് മേയുവാൻ എത്തിയ ചെമ്മരിയാട്ടിൻകൂട്ടമാണ് നാട്ടുകാരിൽ കൗതുകമുണ്ടാക്കുന്നത്.
കടങ്ങോട് പാടശേഖരത്തിലാണു ചെമ്മരിയാട്ടിൻകൂട്ടം തമ്പടിച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് ഉൾഗ്രാമങ്ങളിലെ റോഡുകളിലൂടെ നടത്തിയാണ് ഇവിടെയെത്തിയത്. ആയിരത്തിനു മുകളിൽ ആടുകളാണ് കൂട്ടത്തിലുള്ളത്.
നാലുപേരാണ് നോട്ടക്കാർ. ഇവർക്ക് പുറമെ എട്ടു നായകളുമുണ്ട് കാവലിന്. ആടുകളെ കൂട്ടം തെറ്റാതെ നോക്കുന്നതും തെരുവുനായ്ക്കൾ ഉൾപ്പടെയുള്ള ജന്തുക്കളുടെ ആക്രമണങ്ങൾ തടയുന്നതും പരിശീലനം ലഭിച്ച ഇവരുടെ നായ്ക്കളാണ്.
കൊയ്ത്തുകഴിഞ്ഞു കിടക്കുന്ന പാടശേഖരങ്ങളിലാണ് ഇവയെ മേയാൻ ഇറക്കുന്നത്. ഓരോ ദിവസങ്ങളിലും ഓരോ പാടശേഖരങ്ങളിലേക്ക് ആട്ടിൻപറ്റം തീറ്റതേടി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.