കുന്നംകുളത്തെ ചുവപ്പിച്ച് റെഡ് വോളന്റിയര്‍ മാര്‍ച്ച്
1513492
Wednesday, February 12, 2025 7:18 AM IST
കുന്നംകുളം: സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന റെഡ് വോളന്റിയര്‍ മാര്‍ച്ചില്‍ കുന്നംകുളം ചെങ്കടലായി. വിവിധ യൂണിറ്റുകളില്‍നിന്നുള്ള ഇരുപതിനായിരം റെഡ് വോളന്റിയര്മാരാണു സമാപനവേദിയായ ചെറുവത്തൂര്‍ മൈതാനത്ത് അണിനിരന്നത്. വിവിധ മേഖലകളില്‍നിന്നുള്ളവര്‍ കുന്നംകുളം സീനിയര്‍ ഗ്രൗണ്ട്, ലോട്ടസ് പാലസ് മൈതാനം, ദ്വാരക ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് ഉച്ചകഴിഞ്ഞു മൂന്നിനു വോളന്റിയര്‍ മാര്‍ച്ച് ആരംഭിച്ചു. കുന്നംകുളം നഗരത്തില്‍ സംഗമിച്ചശേഷം ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയില്‍ ചെറുവത്തൂര്‍ മൈതാനത്തെത്തി.
പ്രതിനിധിസമ്മേളന നഗരിയായ കുന്നംകുളം ടൗണ്‍ഹാള്‍, പാറേമ്പാടം രുചി ഹോട്ടലിനുമുന്വശം എന്നിവിടങ്ങളില്‍നിന്ന് കുന്നംകുളം ഏരിയ, ഗുരുവായൂര്‍ റോഡിലെ ഐസിഇഇ ഗ്രൗണ്ടില്‍നിന്ന് ചാവക്കാട് ഏരിയ, ഗുരുവായൂര്‍ റോഡിലെ സംഘാടകസമിതി ഓഫീസ് പരിസരത്തുനിന്ന് മണലൂര്‍ ഏരിയ, തൃശൂര്‍ റോഡില്‍ ബഥനി സ്കൂളിനു മുന്നില്‍നിന്ന് പുഴയ്ക്കല്‍ ഏരിയ, ലോട്ടസ് പാലസ് ഗ്രൗണ്ടില്‍നിന്ന് വടക്കാഞ്ചേരി ഏരിയ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചു.
പ്രകടനങ്ങള്‍ പട്ടാമ്പി റോഡിലെ പൊതുസമ്മേളന ഗ്രൗണ്ടിലേക്ക് നീങ്ങിയതോടെ കുന്നംകുളം ചെങ്കടലായി. പൊതുസമ്മേളനനഗരിയില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ചു.
സ്വന്തം ലേഖകന്‍