ബഡ്സ് സ്കൂള്‍: എതിര്‍പ്പ് രാഷ്ട്രീയപ്രേരിതം, പിടിഎയില്‍ ഭിന്നിപ്പ്
1512938
Tuesday, February 11, 2025 2:10 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ.എൽപി സ്കൂളിൽ ബഡ്സ് സ്കൂൾ സ്ഥാപിക്കാൻ അനുവദിക്കരുതെന്ന പിടിഎ കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ ഒരുവിഭാഗം പിടിഎ അംഗങ്ങൾ രംഗത്തെത്തി.
ബഡ്സ് സ്കൂളിനെതിരേ പിടിഎയിലെ ഒരുവിഭാഗത്തിന്റെ എതിർപ്പ് രാഷ്ട്രീയപ്രേരിതവും ഭിന്നശേഷികുട്ടികളോടുള്ള വെല്ലുവിളിയുമാണെന്ന് മുൻ പിടിഎ പ്രസിഡന്റും നിലവിലെ കമ്മിറ്റിയംഗവുമായ എൻ.പി. അജയൻ അറിയിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും കുടുംബശ്രീയുംചേർന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടെ ഭിന്നശേഷികുട്ടികൾക്കായി എരുമപ്പെട്ടി ഗവ.എൽപി സ്കൂളിൽ ബഡ്സ് സ്കൂൾ സ്ഥാപിക്കുന്നത്. ഒന്നാംക്ലാസ് മുതൽ നാലാംക്ലാസ് വരെയുള്ള ഭിന്നശേഷികുട്ടികൾക്കാണ് ബഡ്സ് സ്കൂൾ. പിടിഎ പ്രസിഡന്റും എസ്എംസി ചെയർമാനും ഒരുവിഭാഗം കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാരുംചേർന്ന് രാഷ്ട്രീയപ്രേരിതമായി പദ്ധതി തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പഞ്ചായത്ത് മെമ്പർ കൂടിയായ എൻ.പി. അജയൻ ആരോപിച്ചു.
ഭിന്നശേഷികുട്ടികളും സ്കൂളിലെ വിദ്യാർഥികളുമായി ഇടകലർന്നാൽ ഇവർക്ക് മാനസികപ്രയാസങ്ങൾ ഉണ്ടാകുമെന്നും നിലവിലെ കുട്ടികളുടെ പഠനത്തേയും കലാ - കായികപ്രവർത്തനങ്ങളേയും പ്രതികൂലമായിബാധിക്കും എന്നുമുള്ള വാദങ്ങൾ തികച്ചുംതെറ്റാണ്. തൊട്ടടുത്ത ഗവ. ഹയർസെക്കൻഡറി സ്കൂളിലും മറ്റു സ്കൂളുകളിലും യാതൊരു പ്രശ്നങ്ങളുമില്ലാതെ ഭിന്നശേഷി കുട്ടികൾ പഠിക്കുന്നുണ്ട്. നിലവിലുള്ള പഴയകെട്ടിടം പൊളിച്ചാണ് ചുറ്റുമതിലോടുകൂടി ബഡ്സ് സ്കൂൾ നിർമിക്കുന്നത്. സ്കൂളിലെ സ്ഥലംനഷ്ടപ്പെടുമെന്നുള്ള വാദവും തെറ്റാണ്.
ഭിന്നശേഷികുട്ടികളെ പുറമ്പോക്കുഭൂമിയിൽ കൊണ്ടുപോയി പാർപ്പിക്കണമെന്ന പിടിഎ ഭാരവാഹികളുടെ നിലപാട് മനുഷ്യത്വരഹിതമാണെന്നും പിടിഎ അംഗങ്ങളായ എൻ.പി. അജയൻ, കെ.കെ. അസീസ്, അശ്വതി രാകേഷ്, വിനീത രതീഷ് എന്നിവർ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.