ചാലക്കുടി തിരുനാൾ ഭക്തിസാന്ദ്രമായി
1512634
Monday, February 10, 2025 1:38 AM IST
ചാലക്കുടി: സെന്റ് മേരീസ് ഫോറോന ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി. ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങളിൽ വൻ ജനാവലി പങ്കെടുത്തു. പ്രത്യേകപന്തലിൽ എഴുന്നള്ളിച്ചുവച്ചിരിക്കുന്ന തിരുസ്വരൂപത്തിനു മുൻപിൽ അമ്പെടുത്തുവയ്ക്കാൻ ഭക്തജനങ്ങളുടെ നീണ്ടനിരയായിരുന്നു.
രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു.
തിരുനാളിനോടനുബന്ധിച്ച് നിർധനരായവർക്ക് നിർമിച്ച നാല് ഭവനങ്ങളുടെ വെഞ്ചരിപ്പ് കർമം ബിഷപ് നിർവഹിച്ചു. 17 ഭവനങ്ങളുടെ അടിസ്ഥാനശില ആശീർവാദവും നിർവഹിച്ചു. വൈകീട്ട് ദിവ്യബലിക്കുശേഷം തിരുനാൾ പ്രദക്ഷിണം ആരംഭിച്ചു. പ്രദക്ഷിണത്തിൽ വൻ ജനാവലി പങ്കെടുത്തു.
വികാരി ഫാ. വർഗീസ് പാത്താടൻ, അസി. വികാരിമാരായ ഫാ. ക്രിസ്റ്റി ചിറ്റാക്കര, ഫാ. അഖിൽ തണ്ടിയേക്കൽ എന്നിവർ നേതൃത്വം നൽകിയ പ്രദക്ഷിണം ഏഴിന് സമാപിച്ചു. തുടർന്ന് വർണക്കാഴ്ച ഉണ്ടായിരുന്നു. ഇന്നാണ് ടൗൺ അമ്പ് പ്രദിക്ഷണം. രാത്രി എട്ടിന് വെള്ളിക്കുളം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ടൗൺ അമ്പ് പ്രദക്ഷിണം രാത്രി 11ന് പള്ളിയിൽ സമാപിക്കും. തുടർന്ന് വർണമഴ.