തലയ്ക്കുമീതെ ആകാശപ്പാത, താഴെ അടിപ്പാത ; പക്ഷേ, ജനം റോഡിൽത്തന്നെ
1512632
Monday, February 10, 2025 1:38 AM IST
സി.ജി. ജിജാസൽ
തൃശൂർ: കൗതുകം കഴിഞ്ഞു, യാത്രക്കാരുടെ കയറ്റിറക്കവും; ജനങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമിട്ട് കോർപറേഷൻ ഒരുക്കിയ അടിപ്പാതകളും കോടികൾ ചെലവിട്ട് ഒരുക്കിയ ആകാശപ്പാതയും നോക്കുകുത്തിയായി മാറുന്നു.
റോഡ് ഇടമുറിയാൻ നിമിഷങ്ങൾമാത്രം മതിയെന്നിരിക്കെ ചവിട്ടുപടികൾ കയറിയിറങ്ങാനോ ആകാശപ്പാത ചുറ്റി റോഡ് മുറിഞ്ഞുകടക്കാനോ ജനങ്ങൾക്കു ക്ഷമയില്ല. യാത്രയിൽ സുരക്ഷിത്വതമല്ല, സമയലാഭമാണ് പ്രധാനമെന്നു കാൽനടയാത്രികർ പറയുന്നു. സെൽഫി ഫോട്ടോ പകർത്താനും വീഡിയോ ഷൂട്ടിനും കയറിയിറങ്ങിയ വ്ലോഗർമാർക്കും യൂത്തിനും ഈ സുരക്ഷിതപാതകളോടുള്ള ആവേശവും നിലച്ചു.
ജനം പാതകളെ ഉപേക്ഷിക്കാൻ തുടങ്ങിയിട്ടും അവരെ കൃത്യമായി ബോധവത്കരിക്കാനോ സുരക്ഷിതയാത്ര നടത്താൻ നിർബന്ധിക്കാനോ അധികാരികളും തയാറാകുന്നില്ല. റോഡായ റോഡെല്ലാം കൊട്ടിയടച്ചിട്ടും കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങളെ ഈ പാതകളിൽകൂടി കടത്തിവിടാൻമാത്രം മുന്നൊരുക്കം ആരും നടത്തുന്നുമില്ല.
വടക്കേ സ്റ്റാൻഡിനു സമീപമുള്ള സ്കൈവാക്ക് വിദ്യാർഥികളും യൂത്തും സമയം കളയാനുള്ള ഇടംമാത്രമാക്കി മാറ്റുന്പോൾ, തിരക്കേറെയുള്ള നഗരത്തിലെ അടിപ്പാതകളിൽ കയറിയിറങ്ങാനുള്ള ബുദ്ധിമുട്ടാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇക്കാരണത്താൽ പ്രായമായവരും ഭിന്നശേഷിക്കാരും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രികർ റോഡ് ഇടമുറിയുന്നത് അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.
സ്വരാജ് റൗണ്ടിൽ രണ്ടും കോർപറേഷനുസമീപം ഒരു അടിപാതയുമാണുള്ളത്. വടക്കേ സ്റ്റാൻഡിലും ശക്തൻ സ്റ്റാൻഡിലുമായി ഓരോ ആകാശപ്പാതകൾ വീതവുമുണ്ട്. രണ്ടു ലിഫ്റ്റുകൾ, സോളാർ സംവിധാനം, ഫുൾഗ്ലാസ് ക്ലാഡിംഗ് കവർ, എസി അടക്കമുള്ള ശക്തനിലെ ആകാശപ്പാതയ്ക്കാണ് ഡിമാൻഡ് ഉള്ളതെങ്കിലും കൂടുതൽ യാത്രാദുരിതം സൃഷ്ടിക്കുന്നതും ഈ പാത തന്നെയാണെന്നാണ് ആരോപണം. കയറിയാൽ ഇറങ്ങാനുള്ള സ്ഥലം കൃത്യമായി മനസിലാക്കാൻ കഴിയാതെ പോകുന്നതാണ് കാരണമെന്നു ജനങ്ങൾ പറയുന്നു. നിലവിൽ കാൽനടയാത്ര തടയുന്നതിനു ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും അവയും മറികടന്നാണ് ജനം നിരത്തിൽ ഇറങ്ങുന്നത്.
ആകാശപ്പാത സമഗ്രവികസനത്തിനു
വിലങ്ങുതടി: രാജൻ ജെ. പല്ലൻ
ദീർഘവീക്ഷണമില്ലാതെയുള്ള തൃശൂർ കോർപറേഷന്റെ ആകാശപ്പാത ശക്തനിലെ സമഗ്രവികസനത്തിനുതന്നെ വിലങ്ങുതടിയാണ്. മൂവായിരത്തോളം കാർ പാർക്ക് ചെയ്യാനുള്ള ഒരു സമുച്ചയം ഉയരേണ്ടിടത്താണ് ആർക്കും ഉപകാരമില്ലാത്ത ആകാശപ്പാത നിർമിച്ചത്.
നാടിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ തുക ഏതുവിധേനയും ധൂർത്തടിക്കാമെന്ന ചിന്തയാണ് ഈ പാത ഉയരാൻ ഇടയാക്കിയത്. ഒരു കൗതുകത്തിന് ഒരിക്കൽ കയറിയവർ പിന്നീട് ഈ പാതകളിൽ കയറാറില്ല. അടിപ്പാത യായാലും ആകാശപ്പാതകളായാലും അവ ശരിയായ രീതിയിൽ നടപ്പാക്കിയാൽമാത്രമേ വിജയിച്ചുവെന്നു പറയാൻ സാധിക്കൂ.
അടിപ്പാതയ്ക്കുസമീപംതന്നെ സീബ്രാ ലൈൻ നൽകുന്ന കോർപറേഷൻ റോഡ് ഇടമുറിയാൻ ഏതുവഴി സ്വീകരിക്കണമെന്നുകാൽനടയാത്രികരെയും കുഴപ്പിക്കുകയാണ്. കൃത്യമായ ബോധവത്കരണം നൽകുകയും, ആകാശപ്പാപാതയിലൂടെയും അടിപ്പാതയിലൂടെയും അല്ലാതെ റോഡ് ഇടമുറിയാൻ കഴിയില്ലെന്ന സാഹചര്യം വരികയും ചെയ്താൽമാത്രമേ ജനങ്ങൾ ഇവ ഉപയോഗിക്കുകയുള്ളൂ. അതുപക്ഷേ എത്രത്തോളം പ്രാവർത്തികമാകുമെന്നു കണ്ടറിയുകതന്നെ വേണമെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.
ലക്ഷ്യം നല്ലത്, ഫലം കണ്ടില്ല:
വിനോദ് പൊള്ളാഞ്ചേരി
അപകടങ്ങൾ കുറയ്ക്കുക എന്ന ആശയത്തോടെ നിർമിച്ച ആകാശപ്പാതകളുടെയും അടിപ്പാതകളുടെയും ലക്ഷ്യം നല്ലതായിരുന്നെങ്കിലും അവ ജനങ്ങളിൽ എത്തിക്കാൻ കോർപറേഷനു കഴിയാത്തതു നാണക്കേടുതന്നെയെന്ന് ബിജെപി പാർലിമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരി. വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്പോൾ അതിന്റെ വിജയത്തിനുവേണ്ടിയും പ്രയത്നിക്കണം. അതിനു കോർപറേഷൻ മുതിരുന്നില്ല.
ആകാശപ്പാതകളും അടിപ്പാതകളും ഉണ്ടായിട്ടുപോലും ജനം റോഡിലാണ് നടക്കുന്നത്. കോർപറേഷന്റെ എല്ലാ പദ്ധതികളും ഇപ്രകാരമാണ്. ദിനംപ്രതി ഒരുലക്ഷത്തിലധികംപേർ നിത്യവും വന്നുപോകുന്ന നഗരത്തിൽ ഇത്തരം പാതകൾക്കുപകരം മേൽപ്പാലമാണ് ആവശ്യമായിരുന്നതെന്നും നിരത്തിലെ തിരക്ക് കുറയ്ക്കാനും അതിലൂടെ അപകടങ്ങൾ കുറയ്ക്കാനും ഒരു പരിധിവരെ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.