സിപിഎം ജില്ലാ സമ്മേളനം: ബിജെപിയുടെ വളർച്ച തടയാനായില്ല: പ്രവർത്തന റിപ്പോർട്ടിൽ വിമർശനം
1512633
Monday, February 10, 2025 1:38 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിൽ ബിജെപിയുടെ വളർച്ച തടയാനായില്ലെന്നു സിപിഎം. തൃശൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് പാർട്ടിയുടെ വിവിധരംഗങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടുന്നത്. പാർട്ടി പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവേണം. ക്രൈസ്തവ മേഖലയിൽ വോട്ടുചോർച്ചയുണ്ടായി.
ബിജെപിക്കു സ്വാധീനം വർധിച്ചു. കരുവന്നൂർ വിഷയം കനത്ത പ്രഹരമായെന്നും പ്രാദേശിക ജാഗ്രതക്കുറവു പ്രശ്നങ്ങൾക്കിടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കുന്നംകുളം ടൗണ്‍ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണു സമ്മേളനം. ഇന്നലെ രാവിലെ ഒന്പതിനു മുതിർന്ന നേതാവ് എൻ.ആർ. ബാലൻ പതാകയുയർത്തി. പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. ജില്ല സെക്രട്ടറി എം.എം. വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ ഏരിയ, ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയത ശക്തമായി. കണ്ടാണശേരി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി വിഭാഗീയതയുണ്ടായി. കണ്ടാണശേരി ലോക്കൽ സെക്രട്ടറി എം.പി. സജീവിനെതിരേ കുന്നംകുളം ഏരിയ സമ്മേളനത്തിൽ വിഭാഗീയതയുണ്ടാക്കിയതിന്റെ പേരിൽ പാർട്ടി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു.
ഊരകം, നന്തിപുലം എന്നിവിടങ്ങിലെ വിഭാഗീയതയും ചർച്ചയായി. ജില്ലാ കമ്മിറ്റിയംഗം പി.ബി. അനൂപിനും റിപ്പോർട്ടിൽ രൂക്ഷ വിമർശനമുണ്ട്. ഒല്ലൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.പി. പോളിനെ ഒരുവർഷത്തേക്കു പാർട്ടി മെംബർഷിപ്പിൽനിന്നു സസ്പെഡ് ചെയ്ത നടപടി, വർഗീസ് കണ്ടംകുളത്തിയെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്, ഒല്ലൂർ ഏരിയ കമ്മിറ്റിയംഗവും കുട്ടനെല്ലൂർ ബാങ്ക് പ്രസിഡന്റുമായിരുന്ന റിക്സണ് പ്രിൻസ്, ബോർഡ് മെംബർ കെ.ആർ. രാമദാസ്, കുട്ടനെല്ലൂർ ബാങ്ക് സെക്രട്ടറിയായിരുന്ന ആന്റോ ഫ്രാൻസിസ് തുടങ്ങി ബാങ്കുമായി ബന്ധപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരേ കർശന നടപടി സ്വീകരിച്ചത് എന്നിവയെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. കൂർക്കഞ്ചേരി സഹകരണ ബാങ്കിലെ 12 വനിതാ ജീവനക്കാരുടെ പരാതിയിൽ ജില്ലാ കമ്മിറ്റി അംഗമായ കെ.വി. ഹരിദാസിനെതിരായ പരാതിയും പരിശോധിച്ചു. ഹരിദാസിന്റെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും കണ്ടെത്തി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്, സഹകരണ ബാങ്കുകളുടെ സാന്പത്തിക ക്രമക്കേടുകൾ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കാനിടയായ സാഹചര്യം, തൃശൂർ കോർപറേഷൻ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി എന്നിവയും സമ്മേളനത്തിൽ സജീവ ചർച്ചയാകും. നിലവിലെ സെക്രട്ടറി എം.എം. വർഗീസ് ഒഴിയാനുള്ള സാധ്യതയുണ്ട്. എൽഡിഎഫ് കണ്‍വീനർ കെ.വി. അബ്ദുൾ ഖാദർ, യു.പി. ജോസഫ് എന്നിവരുടെ പേരുകൾ സജീവമാണ്. നാളെ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.