കോൾപ്പടവിൽ നെൽക്കൃഷി നശിച്ചു
1512934
Tuesday, February 11, 2025 2:10 AM IST
അന്തിക്കാട്: പരപ്പൻചാല് കോൾപ്പടവിൽ ചണ്ടിയും കുളവാഴയുംനിറഞ്ഞ് നെൽക്കൃഷി നശിച്ചു. അന്തിക്കാട് കല്ലിടവഴി സ്വദേശി ചക്കാണ്ടത്ത് പുഷ്കരന്റെ 50 സെന്റ് ഉൾപ്പടെ നിരവധികർഷകരുടെ കൃഷിഭൂമിയിൽ നാശമുണ്ടായി.
കഴിഞ്ഞ ഡിസംബറിലുണ്ടായ കനത്തമഴയിൽ പലമേഖലകളിൽനിന്ന് ഒഴുകിവന്നടിഞ്ഞ ചണ്ടിയാണ് കർഷകർക്ക് വിനയായത്. ഈ പടവിൽ 30 ഏക്കർ നെൽപ്പാടമാണുള്ളത്. ഭൂരിഭാഗം നെൽച്ചെടികളും ചണ്ടി വന്നടിഞ്ഞതുമൂലം നശിച്ചു. നെൽക്കതിരിന് മുകളിലാണ് ചണ്ടി കെട്ടിക്കിടക്കുന്നത്. ചില പാടങ്ങളിൽ അഞ്ചോ, ആറോ നെൽക്കതിരിന്റെ കൂട്ടങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതുമൂലം വലിയ സാമ്പത്തികനഷ്ടമാണ് സംഭവിച്ചതെന്ന് കൃഷിക്കാരനും കർഷക തൊഴിലാളിയുമായ ചക്കാണ്ടൻ പുഷ്കരൻ പറയുന്നു.
കൃഷിനാശം വിലയിരുത്തി സർക്കാരിന്റെഅടിയന്തരസഹായം ഉണ്ടാകണമെന്ന് പരപ്പൻചാൽ പടവ് കമ്മിറ്റി പ്രസിഡന്റ് വിശ്വംഭരൻ കാരമാക്കൽ, സെക്രട്ടറി എൻ.ടി. ഷജിൽ എന്നിവർ ആവശ്യപ്പെട്ടു.