വിരുപ്പാക്ക സഹകരണ സ്പിന്നിംഗ് മിൽ അടച്ചുപൂട്ടിയിട്ട് രണ്ടുവർഷം
1512936
Tuesday, February 11, 2025 2:10 AM IST
ജോണി ചിറ്റിലപ്പള്ളി
വടക്കാഞ്ചേരി: വിരുപ്പാക്ക സഹകരണ സ്പിന്നിംഗ് മിൽ അടച്ചുപൂട്ടിയിട്ട് രണ്ടുവർഷം. കമ്പനിയിലെ തൊഴിലാളികൾ രൂപീകരിച്ച സംയുക്ത സമരസമതിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ കമ്പനിപടിക്കൽ നടത്തിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
മിൽ അടച്ചുപൂട്ടുന്നതിനിടെ കോടികൾ ചെലവഴിച്ച് പുതിയ മെഷിനറികൾ സ്ഥാപിച്ചിരുന്നു. പഴയതും പുതിയതുമായ മുഴുവൻ മെഷിനറികളും തുരുമ്പെടുത്തുനശിച്ചു. കെട്ടിടങ്ങൾ പൊന്തക്കാട് കയറി തകര്‍ന്നു ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി. മില്ല് അടച്ചിട്ടസമയങ്ങളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അയാളും ജോലി നിർത്തിപ്പോയി.
ഇതോടെ കമ്പനി നാഥനില്ലാക്കളരിയായി. മില്ലിൽ പണിയെടുത്തിരുന്ന 300 ഓളം തൊഴിലാളികളിൽ ഒമ്പതോളംപേർക്ക് സർക്കാരിന്റെ മദ്യഷാപ്പുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ലഭിച്ചിട്ടുണ്ട്. മറ്റു തൊഴിലാളികൾക്ക് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. ചെറുപ്രായം മുഴുവൻ കമ്പനിയിൽ ജോലിനോക്കിയതിനാൽ ഇപ്പോൾ മറ്റൊരു ജോലിക്കുപോകാൻകഴിയത്ത അവസ്ഥയാണ് തൊഴിലാളികൾക്കുള്ളത്. തൊഴിലാളികളുടെ സർക്കാർ എന്നവകാശപ്പെടുന്നവര്‍ കേരളം ഭരിക്കുമ്പോഴാണ് തങ്ങളെയും കുടുംബത്തേയും പട്ടിണിയിലേക്ക് തള്ളിവിടുന്നതെന്ന് തൊഴിലാളികൾപറഞ്ഞു.