ഇ-മാലിന്യ ശേഖരണത്തിനൊരുങ്ങി വടക്കാഞ്ചേരി നഗരസഭ
1513482
Wednesday, February 12, 2025 7:10 AM IST
വടക്കാഞ്ചേരി: വീടുകളിൽ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ ഇലക്ട്രിക് - ഇലക്ട്രോണിക് മാലിന്യങ്ങൾ ഇനി ആർക്കും തലവേദനയാകില്ല. വീടുകളിലെ ഇ - മാലിന്യത്തിനു പണം നൽകി ഹരിതകർമസേന മുഖേന ശേഖരിച്ച് വിപ്ലവകരമായ മാറ്റത്തിനു തുടക്കംകുറിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. നഗരസഭയ്ക്കൊപ്പം എരുമപ്പെട്ടി, തെക്കുംകര പഞ്ചായത്തുകളും ചേർന്നാണു കേരളത്തിൽ ഈ പൈലറ്റ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.
പദ്ധതിയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്താകെ സമഗ്ര ഇ - വേസ്റ്റ് ശേഖരണനയം സ്വീകരിക്കാനൊരുങ്ങുകയാണ് സർക്കാർ. ഹരിതകർമസേന ശേഖരിച്ച ഇ -മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്കു കൈമാറും.
സമഗ്ര ഇ - വേസ്റ്റ് ശേഖരണ പദ്ധതിക്ക് 20 മുതൽ വടക്കാഞ്ചേരി നഗരസഭ തുടക്കം കുറിക്കും. ഇ - മാലിന്യങ്ങൾ കത്തിക്കുകയോ അംഗീകാരമില്ലാത്ത ഏജൻസികൾക്ക് നൽകുകയോ ചെയ്യുന്ന പ്രവണതയാണു സാധാരണ കണ്ടുവരുന്നത്. ഈ പ്രവണത ഇല്ലാതാക്കി കൃത്യമായി ഇ - മാലിന്യം സംസ്കരണം ചെയ്യുന്നതിനാണു നഗരസഭ ലക്ഷ്യമിടുന്നത്. ഹരിതകർമസേനയ്ക്ക് യൂസർ ഫീ നൽകിയാണു പ്ലാസ്റ്റിക് കൈമാറിയിരുന്നതെങ്കിൽ ഇ - വേസ്റ്റിന് തൂക്കത്തിനനുസരിച്ചു പണം തിരികെ ലഭിക്കുമെന്നതാണു പ്രത്യേകത.
ഇ - വേസ്റ്റ് ശേഖരണത്തിന് മുന്നോടിയായി നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്ക് സമഗ്ര ഇ - മാലിന്യ സംസ്കരണ സംവിധാനത്തെക്കുറിച്ച് ക്ലീൻ കേരള കമ്പനി മുഖേന ട്രയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവഹിച്ചു. കേരളവർമ വായനശാലയിൽ നടന്നചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ അധ്യക്ഷയായി.
സ്ഥിരംസമിതി അധ്യക്ഷരായ എ.എം. ജമീലാബി, സ്വപ്ന ശശി, കൗൺസിലർമാരായ എ.ഡി. അജി, കെ.എ. വിജീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധക്കുൽ അക്ബർ, സിഡിഎസ് ചെയർപേഴ്സൺ സിന്ദു പ്രകാശ്, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്ലീൻ കേരള കമ്പനി റിസോഴ്സ് പേഴ്സൺ സി.പി. കാർത്തിക ട്രെയിനിംഗിനു നേതൃത്വം നൽകി.